ഒറ്റപ്പാലം: വരോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി അസി.എൻജിനീയർക്കെതിരെ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചു. ഒറ്റപ്പാലം കെ.എസ്.ഇ.ബി അസി.എൻജിനീയർ ബിനുകുമാറിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 304 എ പ്രകാരം അശ്രദ്ധമൂലമുണ്ടായ അപകട മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് മുന്നോടിയായി വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടെയാണ് വരോട് തോട്ടംകണ്ടത്ത് ജയകൃഷ്ണൻ ഇരട്ട വൈദ്യുത പോസ്റ്റിന്റെ ക്രോസ് ബാറിൽ നിന്നും ഷോക്കേറ്റ് മരിക്കുന്നത്. തൊട്ടടുത്ത പോസ്റ്റ് വാഹനമിടിച്ച് തകരുകയും വൈദ്യുത ലൈനുകൾ ഇരട്ട പോസ്റ്റിലെ സ്‌റ്റേ വയറിൽ തട്ടിയാണ് അപകടമുണ്ടായതും. പോസ്റ്റിൽ പ്രാഥമികമായി ഉറപ്പാക്കേണ്ടിയിരുന്ന വൈദ്യുത ചോർച്ച തടയുന്നതിനാവശ്യമായ ഡബിൾ ഇൻസുലേറ്റർ സംവിധാനം ഉപയോഗിച്ചില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി സുരക്ഷാ നിയമം 2010ലെ 62ാം വകുപ്പ് പ്രകാരം എച്ച്.ടി എൽ.ടി വൈദ്യുത പോസ്റ്റുകളിൽ സ്‌റ്റേ വയർ ഉപയോഗിക്കുമ്പോൾ അതിൽ ഡബിൾ ഇൻസുലേറ്റർ സംവിധാനം ഉപയോഗിക്കണമെന്ന അടിസ്ഥാന നിയമം ലംഘിക്കപ്പെട്ടതായും ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റ് കണ്ടെത്തിയിരുന്നു.
ജയകൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതിൽ നിന്ന് ആദ്യ ഗഡു വിതരണം ചെയ്തിരുന്നു.