പാലക്കാട്: 45 വർഷം പഴക്കമുള്ള മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം ഇന്ന് പൊളിച്ചുതുടങ്ങുമ്പോൾ പുറത്താക്കപ്പെടുന്ന ചില ജീവിതങ്ങളുണ്ട്. കെട്ടിടത്തിന്റെ മുന്നിൽ തെരുവോര കച്ചവടം നടത്തുന്നവർ. മൂന്നു പതിറ്റാണ്ടായി ഇവിടെ കച്ചവടംചെയ്യുന്നവരും അടുത്തകാലത്ത് കടയിട്ടവരും ഇതിലുൾപ്പെടും. പേരുകൾ വ്യത്യസ്തമാണെങ്കിലും എല്ലാവർക്കും പറയാനുള്ളത് ഒരേ കഥ, നഷ്ടത്തിന്റെ കഥ മാത്രം.

മേഴ്‌സി കോളേജിന് സമീപം പള്ളിക്കാടുള്ള ശാന്ത സ്റ്റാന്റിന് മുന്നിൽ ഇളനീർ വില്പന തുടങ്ങിയിട്ട് 20 വർഷമായി. സ്റ്റാന്റിന് സമീപത്തെ കെട്ടിടം വീഴുന്നതുവരെ നല്ല കച്ചവടമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കച്ചവടം കുത്തനെ കുറഞ്ഞു. ഭർത്താവ് മരിച്ച ശാന്ത രണ്ടുപെൺമക്കളെ വളർത്തുന്നത് ഈ വരുമാനത്തിലാണ്. ഒരുവർഷം മുമ്പ് പ്രതിദിനം നൂറിലധികം ഇളനീരുകൾ വിറ്റുപോയിരുന്നിടത്ത് ഇപ്പോൾ പത്തെണ്ണമായി കുറഞ്ഞു.


അപകട ഭീഷണി കാരണം കെട്ടിടത്തിലെ കടമുറികൾ ഒഴിപ്പിച്ചതും ബസുകൾക്ക് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതും പ്രതികൂലമായി ബാധിച്ചു. പുതിയ കെട്ടിടം വരുന്നതിൽ സന്തോഷമുണ്ടെങ്കിലും കട മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇവർ. ചെരുപ്പ്, കുട എന്നിവ നന്നാക്കുന്നവർ, പൂക്കച്ചവടക്കാർ, തട്ടുകടകൾ തുടങ്ങിയ ചെറുകിട കച്ചവടക്കാരെല്ലാം കെട്ടിടത്തിന്റെ എതിർവശത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ശാന്തയെ പോലുള്ളവർ പുറത്ത് പോകേണ്ടിവരും.

കച്ചവടക്കാർ ഇന്നുമുതൽ കെട്ടിടത്തിന് മുന്നിൽ പ്രവർത്തിക്കാൻ പാടിലെന്നാണ് അധികൃതരുടെ നിർദ്ദേശം. വില്പന തുടരാൻ സ്റ്റേഡിയം സ്റ്റാന്റിന് സമീപം സ്ഥലം വേണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ച ശേഷം തീരുമാനിക്കാമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അബ്ദുൾ ഷുക്കൂർ പറഞ്ഞു.