 വീട്ടിൽ നിന്നും പതിനെട്ടര പവനും ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് ഏഴായിരം രൂപയും കവർന്നു

ചെർപ്പുളശ്ശേരി: ചളവറ മുണ്ടക്കോട്ടുകുർശിയിൽ രണ്ടിടത്തായി കവർച്ച. മലമുള്ളി അബ്ബാസിന്റെ വീട്ടിൽ നിന്നും മകൾ ഷഹനയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണമാണ് കവർന്നത്.
ആഭരണങ്ങൾ ബാഗിലാക്കി മുറിയിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. അബ്ബാസും ഭാര്യയും മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ മോഷണവിവരം അറിയുന്നത് ഇന്നലെ രാവിലെയാണ്.

നിസ്‌കരിക്കാനായി അബാസ് എഴുന്നേറ്റപ്പോൾ വീടിന്റെ പുറത്തെ ഗ്രില്ല് തുറന്നു കിടക്കുന്നതുകണ്ട് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി അറിഞ്ഞത്. മോഷ്ടാക്കൾ വീടിനകത്ത് മലമൂത്ര വിസർജ്ജനവും നടത്തിയിട്ടുണ്ട്. മറ്റ് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല.
തൊട്ടടുത്തുള്ള മുണ്ടക്കോട്ടുകുറുശി കുന്നത്ത് കാവിൽ രണ്ട് ഭണ്ഡാരം കുത്തിത്തുറന്നും പണം കവർന്നിട്ടുണ്ട്. ഏകദേശം ഏഴായിരം രൂപയോളം നഷ്ടമായിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലും പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും, ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണങ്ങൾക്കു പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.