മണ്ണാർക്കാട്: ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എത്തിയ കോട്ടോപ്പാടം വില്ലേജ് ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി റവന്യൂ ജീവനക്കാർ. ഇന്നലെ നടന്ന വില്ലേജ് ഓഫീസർമാരുടെ കോൺഫറൻസ് ജീവനക്കാർ ബഹിഷ്‌കരിച്ചു.
സെപ്തംബർ അഞ്ചിനാണ് സംഭവം. കോൽക്കാട്ടിൽ ഹംസ എന്ന വ്യക്തിയാണ് വില്ലേജ് ഓഫീസറെ മർദ്ദിച്ചതെന്നാണ് പരാതി. ഇതുസംബസിച്ച് അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, രണ്ടാഴ്ചയായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. തഹസിൽദാർ സർക്കിൾ ഇൻസ്പക്ടറുമായി നേരിട്ട് സംസാരിച്ചിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് റവന്യു ജീവനക്കാർ ആരോപിക്കുന്നു. എന്നാൽ, ബന്ധപ്പെട്ട പരാതിയിൽ പൊലീസ് നടപടി തുടങ്ങിയെന്നും മർദ്ദിച്ചയാൾക്കുവേണ്ടിയുള്ള ആന്വേഷണം ഊർജിതമാണെന്ന് സർക്കിൾ ഇൻസ്പക്ടർ സജീവ് പറഞ്ഞു. വിഷയം കളക്ടറുടെയും സബ് കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് തഹസിൽദാർ സജി എസ്.കുമാറും പറഞ്ഞു.
വില്ലേജ് ഓഫീസർമാരായ കെ.ജി.അരവിന്ദാക്ഷൻ, സി.വിനോദ്, പി.അബ്ദുൾ സലിം, സന്തോഷ് കുമാർ, പി.അബ്ദുൾ റഹ്മാൻ, സി.അലി, കെ.രാമൻകുട്ടി, ഡെപ്യൂട്ടി തഹസിൽദാർമാരായ ചന്ദ്രബാബു, എം.പി.രാജൻ, ഉണ്ണികൃഷണൻ എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാർ അറിയിച്ചു.