പാലക്കാട്: പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി ജില്ലാതല ആരോഗ്യ ജാഗ്രത സമിതി യോഗത്തിൽ പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ നടത്തണം. മഴ മാറിയതിനാൽ കൊതുകു വർദ്ധിക്കും. ഈ സാഹചര്യത്തിൽ ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത യോഗത്തിൽ അറിയിച്ചു.

ഈ മാസം 23 മുതൽ ഒക്ടോബർ ആറുവരെ നടത്തുന്ന കുഷ്ഠരോഗ നിർണയ പരിപാടി അശ്വമേധത്തിന്റെ ഭാഗമായി വീടുകളിൽ ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ നേരിട്ടെത്തി ബോധവത്ക്കരണം നടത്തും. സ്‌കൂളുകളിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്‌കൂൾ തലങ്ങളിൽ സ്‌കിറ്റ്, പോസ്റ്റർ രചന, പ്രതിജ്ഞ എന്നിവയും നടത്തും. സമൂഹ മന്തുരോഗ നിവാരണ പരിപാടി നവംബർ 11 മുതൽ 30 വരെ നടത്തുമെന്നും യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ജയന്തി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ കെ.എ.നാസർ, ജില്ലാ ലെപ്രസി ഓഫീസർ അനൂപ് കുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ കെ.സന്തോഷ് കുമാർ, ജില്ലാ മലേറിയ ഓഫീസർ കെ.എസ്.രാഘവൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സി.വി.വിനോദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഫോട്ടോ: കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ആരോഗ്യ ജാഗ്രതസമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡി.ബാലമുരളി സംസാരിക്കുന്നു