ഭരണകക്ഷിയായ യു.ഡി.എഫിലെ അനൈക്യം മുതലെടുക്കാൻ നീക്കം
ശ്രീകൃഷ്ണപുരം: യു.ഡി.എഫ് ഭരിക്കുന്ന കരിമ്പുഴ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി ഇടതുപക്ഷം. അടുത്തമാസം ആദ്യം അവിശ്വാസം ചർച്ചയ്ക്ക് എടുക്കും. 18 സീറ്റുള്ള കരിമ്പുഴയിൽ കൊൺഗ്രസിന് 5, യു.ഡി.എഫ് സ്വതന്ത്രർ അടക്കം ലീഗിന് 7, സി.പി.എമ്മിന് 5, സി.പി.ഐയ് 1 എന്നിങ്ങനെയാണ് കക്ഷിനില.
യു.ഡി.എഫിൽ ഭൂരിപക്ഷമുള്ള ലീഗിന്റെ ഷീബ പാട്ടത്തൊടിയാണ് നിലവിലെ പ്രസിഡന്റ്. കോൺഗ്രസിലെ പി.രാജരത്‌നമാണ് വൈസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് ലീഗുമായി അഭിപ്രായവ്യത്യാസവും ഭിന്നതയും ഉള്ളതിനാൽ ഭരണം അവതാളത്തിലാണ്. കോണ്ഗ്രസിൽ ആകെയുള്ള അഞ്ചിൽ നാലുപേരും രാജരത്‌നത്തിനൊപ്പമാണ്. എന്നാൽ, പി.സി.കുഞ്ഞിരാമൻ യു.ഡി.എഫിന്റെ പൊതുനിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണപക്ഷത്തെ അനൈക്യം മുതലെടുത്ത് കോണ്ഗ്രസിന്റെ നാല് അംഗങ്ങളെ ഒപ്പം നിറുത്തി ഭരണം പിടിക്കാനാണ് ഇടതു നീക്കം. അതിന്റെ മുന്നോടിയായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഭരണസമിതി യോഗം ചേർന്നപ്പോൾ അജണ്ടയിലേക്ക് കടക്കാനാകാതെ പിരിയേണ്ടിവന്നിരുന്നു. അവിശ്വാസ പ്രമേയം കഴിയുംവരെ ഭരണസമിതിയോഗം ചേരുന്നതിനെ ഇടതുപക്ഷം എതിർക്കുകയും തീരുമാനങ്ങൾ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടപ്പോൾനാല് കോൺഗ്രസ് അംഗങ്ങളും അതിനെ അനുകൂലിച്ചത് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. 10 അംഗങ്ങൾ തങ്ങൾക്കൊപ്പമാണ്. 8 അംഗങ്ങളുടെ പിന്തുണ മാത്രമുള്ള ഭരണ കക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും പ്രസിഡന്റ് രാജിവെക്കണമെന്നുമാണ് എൽ.ഡി.എഫ് ആവശ്യപ്പെടുന്നത്. ഭരണസമിതിയിൽ ഭിന്നതയെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് എൽ.ഡി. എഫ് നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻ ജനപിന്തുണയിലും, ഭരണ നേട്ടങ്ങളിലും വിറളി പൂണ്ട എൽ.ഡി.എഫ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് ഒറ്റകെട്ടായി നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി പറഞ്ഞു.