ശമ്പളം നല്കാത്തനാൽ തൊഴിലാളികൾ സമരത്തിൽ
പാലക്കാട്; വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാവാൻ സാധ്യതയില്ല. മഴമാറി നിന്നാൽ ദേശീയ പാതയിൽ അറ്റകുറ്റപണികൾ നടത്തുമെന്ന് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനി അധികൃതരും നല്കിയ വാക്ക് പാഴായി. കഴിഞ്ഞദിവസം കുതിരാനിൽ സന്ദർശനം നടത്തിയ മന്ത്രി വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ളവർക്കാണ് കരാർ കമ്പനി അധികൃതർ ഇത്തരത്തിൽ ഉറപ്പ് നല്കിയത്. ദേശീയപാത കുതിരാനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരമായി കുഴികൾ അടക്കാൻ മന്ത്രി നിർദ്ദേശിച്ചത്.
നിലവിൽ കരാർ കമ്പനിയുടെ കീഴിൽ പണിയെടുക്കുന്ന നൂറോളം തൊഴിലാളികൾക്ക് കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം നല്കിയിട്ടില്ല. ഓണക്കാലത്ത് പോലും ഒരു മാസത്തെ ശമ്പളം നല്കാൻ കരാർ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ശമ്പള കുടിശിക നല്കിയെങ്കിൽ മാത്രമേ ദേശീയപാതയിൽ അറ്റകുറ്റപണികൾ ഉൾപ്പെടെ ചെയ്യുകയുള്ളൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. കുടിശ്ശിക നല്കാൻ കരാർ കമ്പനി അധികൃതർ തയ്യാറായില്ലെങ്കിൽ ദേശീയ പാതയുടെ പണി നീണ്ട് പോകാനാണ് സാധ്യത.