പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നു. നിലവിൽ കെട്ടിടത്തിലെ ലോഡ്ജ് മുറികളുടെ വാതിൽ, ജനാല, ഗ്രില്ല് എന്നിവയാണ് പൊളിക്കുന്നത്. ഈ ആവശിഷ്ടങ്ങൾ ടെൻഡറെറ്റെടുത്ത കമ്പനിയുടെ കോയമ്പത്തൂരിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകും. ആദ്യഘട്ട പ്രവർത്തനം 50 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ശ്രമമെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അബ്ദുൾ ഷുക്കൂർ പറഞ്ഞു.
കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങൾ ബ്രേക്കർ, ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് പൂർണമായും പൊളിച്ചുമാറ്റും. ഇതിലെ കല്ല്, മണ്ണ് തുടങ്ങിയ അവശിഷ്ടങ്ങൾ നഗരപരിധിയിൽ ആവശ്യമുള്ളവർക്ക് നൽകും. നിലവിൽ സ്റ്റാന്റ് ബസ് ബേ ആയിതന്നെ തുടരുന്നുണ്ട്.
കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി സമീപത്തെ കടകൾ പൂർണമായും ഒഴിപ്പിച്ചു. ഓട്ടോസ്റ്റാന്റും തെരുവോര കച്ചവടങ്ങളും കെട്ടിടത്തിന്റെ എതിർവശത്താണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പുറകുവശം പൊളിച്ചു തുടങ്ങുമ്പോൾ ബസുകൾ മാറ്റേണ്ട നടപടികൾ ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു. 18 ലക്ഷം രൂപയ്ക്ക് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിടം പൊളിക്കാൻ ഇ-ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്.