ചെർപ്പുളശ്ശേരി: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെ യു.ഡി.എഫ് ഭരിക്കുന്ന വല്ലപ്പുഴ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി. നിലവിൽ കോൺഗ്രസിലെ എൻ.നന്ദവിലാസിനിയാണ് വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് മുസ്ലീംലീഗിലെ കല്ലിങ്ങൽ ഹംസയും. കോൺഗ്രസിന് ഏഴും, ലീഗിന് മൂന്നും മെമ്പർമാരാണുള്ളത്.

കഴിഞ്ഞ ഭരണസമിതിയും പഞ്ചായത്തിൽ യു.ഡി.എഫ് ആയിരുന്നെങ്കിലും ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണ അവശേഷിക്കുന്ന ഒരു വർഷമെങ്കിലും പ്രസിഡന്റ് പദവി വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി. ഇക്കാര്യം ഭരണസമിതി യോഗത്തിലും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയിലും മുസ്ലീംലീഗ് ഉന്നയിച്ചിട്ടുണ്ട്. ആവശ്യം തികച്ചും ന്യായമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലീംലീഗ് നേതാവുമായ കല്ലിങ്ങൽ ഹംസ പറഞ്ഞു.

എന്നാൽ, പ്രസിഡന്റ് സ്ഥാനം കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വിഷയം ചർച്ച ചെയ്യുന്നുണ്ട്. നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കളത്തിൽ ദാവൂദ് പ്രതികരിച്ചത്. യു.ഡി.എഫിൽ ഇതു സംബന്ധിച്ച് ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ വിവാദം എതിർകക്ഷികൾ ആയുധമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ സി.പി.എമ്മുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത് ഉൾപ്പടെയുള്ള ചർച്ചകൾ ലീഗിനുള്ളിൽ നടക്കുന്നതായാണ് വിവരം.