പാലക്കാട്: ട്രെയിനിൽ കടത്തികൊണ്ടുവന്ന വ്യാജ മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാറ്റ്‌ന - എറണാകുളം എക്‌സ്പ്രസിലായിരുന്നു സംഭവം. ജനറൽ കമ്പാർട്ട്‌മെന്റിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് ഫോണുകൾ കണ്ടെത്തിയത്. മഹാരാഷ്ട ജൻഗാവ് സ്വദേശികളായ രമേശ് മോത്തിറാം ബെൽദാം(53), രാഹുൽ സീതാറാം ബെൽദാം(26) എന്നിവരെ നോർത്ത് സി.ഐ ഷിജു ഏബ്രഹാം, ആർ.പി.എഫ്.എ എസ്.ഐ കെ.സജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഓപ്പോ, സംസാങ്ങ് ജെ എട്ട് എന്നി കമ്പനികളുടെ പേരിലുള്ള 130 വ്യാജ ഫോണുകളാണ് കടത്തികൊണ്ടുവന്നത്. പൊതു വിപണിയിൽ ഇത്തരം കമ്പനി ഫോണുകൾക്ക് പതിനഞ്ചായിരം രൂപയാണ് വില. വ്യാജ ഫോണുകൾ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നത്. പലരും കമ്പനി ഫോണുകളാണെന്ന് പറഞ്ഞ് ഇവരിൽ നിന്ന് വാങ്ങി വഞ്ചിക്കപ്പെടുകയാണെന്ന് പൊലീസ് അറിയിച്ചു. ഒറിജിലിനെ വെല്ലും രീതിയിലാണ് ഇവയുടെ നിർമാണം.
ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ സലീം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.