പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴൽപണവുമായി സഹോദരങ്ങൾ പിടിയിൽ. ഇന്നലെ രാവിലെ 5.30ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ചെന്നൈ - മംഗളൂരു (12601) ട്രെയിനിൽ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്. സംഭവത്തിൽ വേങ്ങര ചേലമ്പ്രാടത്ത് അബ്ദുൾ ഖാദർ (44), ചേലമ്പ്രാടത്ത് വലിയോറയിൽ മുഹമ്മദ് ഷെഫീക്ക് (32) എന്നിവരെ അറസ്റ്റു ചെയ്തു.

നീളമുള്ള തുണിയിലാക്കി അരയിൽ ചുറ്റിയനിലയിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഡി.എസ്.ആർ.പി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ കീർത്തിബാബു, സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.മാരായ എ.രമേഷ്‌കുമാർ, എം.സുനിൽ, സി.പി.ഒമാരായ എം.എ.ഹരിദാസ്, ലിജോ ജോൺസൺ എന്നിവർ ചേർന്നാണ് പ്രതികളെയും പണവും പിടികൂടിയത്.