പാലക്കാട്: രണ്ടുദിവസമായി നടന്നുവന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ 254 പോയിന്റുമായി കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ് അത്‌ലറ്റിക് ക്ലബ് ചാമ്പ്യൻമാരായി. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടന്ന മീറ്റിൽ 133 പോയിന്റുമായി പാലക്കാട് ഒളിമ്പിക്‌സ് അത്‌ലറ്റിക് ക്ലബിനാണ് രണ്ടാം സ്ഥാനം. സി.എഫ്.ഡി.എച്ച്.എസ് മാത്തൂർ (98), പറളി എച്ച്.എസ്.എസ് (94.5) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനം നേടിയത്.

112 ഇനങ്ങളിലായി 1600 ഓളം കായിക താരങ്ങളാണ് മീറ്റിൽ പങ്കെടുത്തത്. ദേശീയ, സംസഥാന മീറ്റുകളിൽ മെഡൽനേടിയിട്ടുള്ള താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും അത്‌ലറ്റിക് മീറ്റിൽ ശ്രദ്ധേമായ പ്രകടനങ്ങൾ നടത്തി.

വിജയികൾ നാലിന് പാലയിൽ നടക്കുന്ന സംസ്ഥാന അത്ലറ്റിക് മീറ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

സമാപന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാഅത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സി.ഹരിദാസ് ട്രോഫികൾ സമ്മാനിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ കെ.പ്രേംകുമാർ, എം.രാമചന്ദ്രൻ, ടി.കെ.ഹെൻട്രി, വി.വി.വിജയൻ, കെ.കെ.സൈതാലി പ്രസംഗിച്ചു.