പാലക്കാട്: ജില്ലയിലെ ഒന്നാംവിള കൊയത്ത് ആരംഭിച്ചതോടെ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം മുതലാക്കാൻ സ്വകാര്യമില്ലുകാരും രംഗത്ത്. അടുത്തമാസം ഒന്നുമുതൽ നെല്ല് സംഭരണം ആരംഭിക്കുമെന്നാണ് സപ്ലൈക്കോ അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തവണത്തെ കുടിശിക ലഭിക്കാതെ നെല്ല് സംഭരിക്കില്ലെന്ന് മില്ലുടമകൾ നിലപാടെടുത്തതാണ് തിരിച്ചടിയായത്. ഇതുസംബന്ധിച്ച് റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പക്ഷേ, നാളിതുവരെ പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടലുണ്ടായിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇതോടെ സംഭരണം ഇത്തവണയും വൈകിയേക്കുമെന്നാണ് സൂചന.
ജില്ലയിൽ 45 സ്വകാര്യ മില്ലുകളാണ് നെല്ലുസംഭരിക്കാൻ മുന്നോട്ട് വന്നിട്ടുള്ളത്. വടക്കഞ്ചേരി, ആലത്തൂർ, നെന്മാറ, കുഴൽമന്ദം, തൃത്താല, പട്ടാമ്പി പ്രദേശങ്ങളിലാണ് നിലവിൽ കൊയ്ത്ത് തുടങ്ങിയിരിക്കുന്നത്. ചിറ്റൂർ, പാലക്കാട് മേഖലയിൽ കതിര് വന്നുതുടങ്ങിയിട്ടേയുള്ളൂ. നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം നീങ്ങാത്തത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ കൊയ്തെടുത്ത നെല്ല് ഉണക്കാൻ കഴിയുന്നില്ലെന്നും നനവ് തട്ടിയാൽ മുളയ്ക്കുമെന്നും കർഷകർ പറയുന്നു. അങ്ങനെവന്നാൽ കിട്ടുന്ന തുകയ്ക്ക് കർഷകർ സ്വകാര്യമില്ലുകാർക്ക് നെല്ലളക്കേണ്ടിവരും. കഴിഞ്ഞതവണയും 17 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വകാര്യ മില്ലുകാർക്ക് പലരും നെല്ലളന്നിരുന്നു. സപ്ലൈകോ 26.95 രൂപയ്ക്ക് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സഹാചര്യത്തിൽ വൻനഷ്ടം സഹിച്ച് തന്നെ നെല്ല് വിൽക്കേണ്ട ഗതികേടാണെന്നാണ് കർഷകർ പറയുന്നു. ഇത്തവണ ഒന്നാംവിള മികച്ച വിളവ് പ്രതീക്ഷിച്ചെങ്കിലും മുഞ്ഞ രോഗവും വരിനെല്ലും തിരിച്ചടിയായിട്ടുണ്ട്. ഇതിനൊപ്പം നെല്ല് സംഭരണത്തിലെ അനിശ്ചിതത്വവും കൂടിയാകുമ്പോൾ കർഷകർക്ക് കനത്ത സാമ്പത്തിക പ്രതിന്ധിയുണ്ടാകുമെന്ന് സാരം. ജില്ലയിൽ ഇതുവരെ 46173 പേർ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഒന്നാംവിളക്ക് അത് മുപ്പത്തിയേഴായിരം മാത്രമായിരുന്നു. ഒന്നാം വിളയെടുത്ത് രണ്ടാംവിളക്ക് ഒരുക്കങ്ങൾ കൂട്ടുന്നതിനും കൊയ്‌ത്തിനും മറ്റുമായി നല്ലൊരു തുക ചെലവാകും. പ്രളയവും പേമാരിയും അതിജീവിച്ച് കടംവാങ്ങി വിളവിറക്കിയ കർഷകരെ കടക്കെണിയിലേക്ക് തള്ളിയിടാതെ പ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.