വടക്കഞ്ചേരി: പന്തലാം പാടത്തിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലിടിച്ച് യുവാവ് മരിച്ചു. ഇരട്ടക്കുളം നെല്ലിയാങ്കുന്നം ഇടത്തിൽ കോളനിയിൽ സുരേഷിന്റെ മകൻ ജിനീഷ് (22) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിൽ പുത്തൂരിന് സമീപം സോഡ കമ്പനിക്ക് മുന്നിലാണ് അപകടം. ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് സമീപത്തെ കലുങ്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. റോഡരികിൽ ബൈക്ക് കിടക്കുന്നത് കണ്ട വഴിയാത്രക്കാർ സമീപവാസികളെ വിളിച്ചുണർത്തി വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലിങ്കൽപ്പാടത്തുള്ള അമ്മയുടെ വീട്ടിൽവന്ന് തിരിച്ചുപോകും വഴിയാണ് അപകടം. അമ്മ: സുനിത. സഹോദരങ്ങൾ: ജിജീഷ്, ജിതീഷ്.