പാലക്കാട്: ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാൻ, ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാൻ കുഞ്ഞു കൈകളിലേക്ക് ഗണിതോപകരണങ്ങൾ നൽകി ജില്ലയിൽ ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ കീഴിൽ ജില്ലയിലെ ഒന്ന്, രണ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഉല്ലാസഗണിതം പരിപാടി നടപ്പാക്കുന്നത്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഗണിതം രസകരമാക്കുന്ന 'ഉല്ലാസഗണിതം' പദ്ധതി നല്ല പുതുതലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മുണ്ടൂർ നാമ്പുള്ളിപ്പുര എസ്.വി.എം.എ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയായി.
ഉപകരണങ്ങളിലൂടെയും മറ്റു മൂർത്തമായ വസ്തുക്കളിലൂടെയും ഏറെ ലളിതവും രസകരവുമായാണ് ഗണിതം അവതരിപ്പിക്കുന്നത്. കഥകൾ, കവിതകൾ, പാട്ടുകൾ, കളികൾ, ഐ.ടി സാദ്ധ്യതകൾ എന്നിവയിലൂടെ കുട്ടികൾക്ക് ഗണിത മാതൃകകൾ അവതരിപ്പിക്കും. കുട്ടികളുടെ പഠനതാല്പര്യം നിലനിർത്തുന്നതിനായി ആകർഷകമായ പഠനോപകരണങ്ങളും ലഭ്യമാക്കും.
മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.കുട്ടികൃഷ്ണൻ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ സി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.വി.അനിത മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു സുരേഷ്, വി.ലക്ഷ്മണൻ, എം.ദിനേശൻ എന്നിവർ പങ്കെടുത്തു.