പാലക്കാട്: കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019ന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. 23 മുതൽ ഒക്ടോബർ ആറുവരെ സംസ്ഥാനത്ത് പാലക്കാടിന് പുറമേ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അശ്വമേധം പരിപാടി നടക്കുന്നത്.

കഴിഞ്ഞവർഷം ഡിസംബർ 15 മുതൽ രണ്ടാഴ്ചകാലം നടത്തിയ ആദ്യഘട്ടത്തിൽ ജില്ലയിൽ മാത്രം 65 പുതിയ കേസുകൾ കണ്ടെത്തിയിരുന്നു. നിലവിൽ ജില്ലയിൽ 154 രോഗ ബാധിതരുണ്ട്.

പരിശോധനയിൽ കണ്ടെത്തുന്ന രോഗികളെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ അശ്വമേധം കോർണറുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.
തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാശിശുക്ഷേമ വകുപ്പ്, തൊഴിൽ, ട്രൈബൽ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.എ.ഡി.വി.എൽ, നെഹ്‌റു യുവകേന്ദ്ര, ആശ അങ്കണവാടി പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തോടെയാണ് ആരോഗ്യവകുപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

മുതലമട പോത്തമ്പാടം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം കെ.ബാബു എം. എൽ.എ നിർവഹിച്ചു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി വി.കെ.ഷാജിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗാനത്തിന്റെ സി.ഡി ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാറിന് കൈമാറി എം.എൽ.എ പ്രകാശനം ചെയ്തു.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, മെമ്പർമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ടി.എൻ. അനൂപ് കുമാർ, കെ.ആർ.ശെൽവരാജ്, ടി.കെ.ജയന്തി, കെ.എ.നാസർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ രചന ചിദംബരം, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.