പാലക്കാട്: പട്ടാമ്പി ജി.എം.എൽ.പി സ്‌കൂളിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വർഷത്തിൽ സർക്കാർ ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 739.50 മീറ്റർ സ്‌ക്വയർ വിസ്തീർണമുള്ള രണ്ടുനില കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളാണ് നിർമ്മിച്ചിരിക്കുന്നത്. 2018 സെപ്തംബറിൽ ആരംഭിച്ച നിർമ്മാണം 2019 ജൂലായിൽ പൂർത്തിയായി.
പട്ടാമ്പി ടൗണിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളും പ്രീ പ്രൈമറിയും കാലങ്ങളായി രണ്ട് ഹാളുകളിലായാണ് പ്രവർത്തിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും അക്കാദമിക പ്രവർത്തനങ്ങളിലെ മികവിലൂടെയും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.പി രമ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിൽ എൽ.പി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം 60 നിന്നും 90 ലേക്ക് ഉയർന്നിട്ടുണ്ട്. പ്രീ പ്രൈമറിയിൽ 35 കുട്ടികളുമുണ്ട്. മുൻ വർഷത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂൾ ബസും സ്മാർട്ട് ക്ലാസ് റൂമും അനുവദിച്ചിരുന്നു.
പുതിയ കെട്ടിടോദ്ഘാടന പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, പട്ടാമ്പി നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, ഹെഡ്മിസ്ട്രസ് എൻ.പി രമ, നഗരസഭാ കൗൺസിലർമാർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.