പാലക്കാട്: ദേശീയ കഞ്ചിക്കോടിൽ കെ.എസ്.ആർ.ടി.സിക്ക് പുറകിൽ കോളേജ് ബസിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 16 പേർക്ക് പരിക്ക്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെ എട്ടിന് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് മുന്നിലെ മേൽപ്പാലത്തിലായിരുന്നു അപകടം. മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസ് പെട്ടന്ന് നിർത്തുകയായിരുന്നു. പുറകിൽവന്ന കോളേജ് ബസ് കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ ഇടിച്ചുകയറി. കോളേജ് ബസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു.

വിദ്യാർത്ഥികളായ കുന്നത്തൂർമേട് സിജിന(18), അക്ഷയ് (20), അഞ്ജലി (19), മങ്കര സ്വദേശി അഭിജിത്ത് (19), കോട്ടായി സ്വദേശി സൂര്യ (22), ഒറ്റപ്പാലം സ്വദേശികളായ അക്ഷയ്(18), മൃദുല(21), മണ്ണൂർ സ്വദേശികളായ വിന്ദുജ(22), അഞ്ജന (20), ആര്യൻ (19), ഷിഹാസ് (18), സൽമാനു(18), രാജേഷ് (18), റോഹൻ (18), ബസ് യാത്രക്കാരായ വാളയാർ അട്ടപ്പള്ളം സ്വദേശി സെബാസ്റ്റ്യൻ (52), ഷൈല എലിസബത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്. കഞ്ചിക്കോട് ഫയർഫോഴ്‌സിലെ ലീഡിംഗ് ഫയർമാൻ എ. ഗിരിയുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.