ഇതുവരെ പിഴ ഈടാക്കിയത് 1.68 കോടി

പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള റോഡിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകളിൽ കുടുങ്ങിയ പിഴയടക്കാത്ത വാഹന ഉടമകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് പാതയിൽ 37 ക്യാമറകൾ സ്ഥാപിച്ചത്. അന്നുമുതൽ ക്യാമറകളിൽ കുടുങ്ങിയ വാഹനങ്ങളിൽ നിന്ന് ഇതുവരെ 1,68,13,600 രൂപ ഈടാക്കി. ക്യാമറയിൽ കുടുങ്ങിയ 1,28,585 വാഹനങ്ങൾക്ക് നോട്ടീസ് അയച്ചതിൽ 42,034 വാഹന ഉടമകൾ മാത്രമാണ് പിഴയടച്ചത്. ക്യാമറകളുടെ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് കോഴിക്കോടുള്ള കൺട്രോൾ റൂമിലാണ്.

ലൈസൻസ് സ്വാഹ!
നോട്ടീസ് അയച്ചാൽ 14 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിയമം. ഇത്തരത്തിൽ നോട്ടീസ് കൈപ്പറ്റി നിശ്ചിത സമയത്തിനുള്ളിൽ പിഴയടക്കാത്ത വാഹന ഉടമകൾക്കെതിരെ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തുടർ നടപടി സ്വീകരിക്കും. 86,551 പേരാണ് ഇനി പിഴ അടയ്ക്കാനുള്ളത്. ഇതിൽ മൂന്നുമാസം പിന്നിട്ടവരുമുണ്ട്. ഇവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും.

-പി.ശിവകുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ,​ പാലക്കാട്

സെപ്തംബർ മുതൽ പിഴ ₹1500
2018 മാർച്ച് മുതൽ 2019 ആഗസ്റ്റ് 31 വരെ 100 കിലോമീറ്റലധികം വേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് 400 രൂപയായിരുന്നു പിഴ. എന്നാൽ സെപ്തംബർ ഒന്നുമുതൽ ഇത് 1500 രൂപയാക്കി ഉയർത്തി. പുതിയ പിഴ അനുസരിച്ചുള്ള നോട്ടീസ് അയച്ച് തുടങ്ങിയിട്ടില്ല. വാഹനങ്ങൾ എത്ര തവണയാണോ ക്യാമറയിൽ അകപ്പെടുന്നത് അതിനനുസരിച്ച് 1500 രൂപ പ്രകാരം പിഴ ഇരട്ടിക്കും. ഓൺലൈനായി പി.എഫ്.എം മൊഡ്യൂൾ വഴിയാണ് പിഴ അടയ്ക്കേണ്ടത്. ക്യാമറിയിൽ കുടുങ്ങിയ വാഹനങ്ങളിൽ 90 ശതമാനവും കാറുകളാണ്.

-ഷബീർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, കോഴിക്കോട്