നെന്മാറ: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 52 അടിയെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നെല്ലിയാമ്പതി വനമേഖലയിൽ ശക്തമായ മഴ ലഭിച്ചതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരുന്നു. 53 അടി കവിഞ്ഞാൽ ഡാമിലെ മൂന്നു ഷട്ടറുകളും തുറക്കാൻ കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ഡാമിന്റെ പരമാവധി ജലനിരപ്പ് 55 അടിയാണ്. പുതുക്കിയ ഡാം സുരുക്ഷ മാനദണ്ഡം അനുസരിച്ച് പരമാവധി ജലനിരപ്പ് എത്തുന്നതിനു മുമ്പേ വെള്ളം തുറന്നുവിടണമെന്നാണ് ചട്ടം.
ഇതനുസരിച്ച് 50 അടിയിലേക്ക് എത്തിയപ്പോൾ സെപ്തംബർ 13ന് മൂന്നു ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം തുറക്കാൻ തീരുമാനിച്ചിരിന്നു. പിന്നീട് മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. ഇതേതുടർന്ന് ഡാം തുറക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. ഈ ആഴ്ച മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡാം തുറന്നാൽ ഗായത്രി, അയിലൂർ, ഭാരതപ്പുഴ എന്നിവയുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.