പാലക്കാട്: നിരാലംബരും രോഗികളുമായ വൃദ്ധദമ്പതികൾക്ക് ആശ്രയമേകി സാമൂഹ്യനീതി വകുപ്പും പാലക്കാട് മെയ്ന്റനൻസ് ട്രിബ്യൂണലും. നെന്മാറ കുണ്ടുകാട് മുതലപ്പാറയിൽ താമസിക്കുന്ന ബാലൻ (70), സുമിത്ര(63)എന്നിവരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
കൊല്ലങ്കോട്, ആശ്രയം റൂറൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന് മെയ്ന്റനൻസ് ട്രിബ്യൂണലിൽ അപേക്ഷിച്ചിരുന്നു. വാർദ്ധക്യരോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരാണെന്നും ജീവിക്കാൻ മറ്റുവരുമാനമില്ലാത്ത ഇവരെ ഏതെങ്കിലും വൃദ്ധമന്ദിരത്തലേക്ക് മാറ്റണമെന്നുമായിരുന്നു അപേക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസറോട് മെയ്ന്റനൻസ് ട്രിബ്യൂണൽ ആവശ്യപ്പെട്ടു.
തുടർന്ന് വൃദ്ധദമ്പതികളെ നേരിൽ സന്ദർശിച്ച് റപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് മെയ്ന്റനൻസ് ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.സതീഷിനോട് സാമൂഹ്യനീതി ഓഫീസർ എം.സന്തോഷ് ബാബു ആവശ്യപ്പെടുകയായിരുന്നു. റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ കഞ്ചിക്കോട് മരിയൻ വില്ലേജിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുതിയ അന്തേവാസികളെ മരിയൻ ചാരിറ്റീസ് പ്രവർത്തകരായ ചാക്കോ ജോർജ്, ലാലി റെജി, ആർ.സുമതി എന്നിവർ സ്‌നേഹത്തോടെ വരവേറ്റു.
ഫോട്ടോ (2): വൃദ്ധദമ്പതികളായ ബാലൻ, സുമിത്ര എന്നിവർ