പാലക്കാട്: ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജില്ലയിൽ ബാങ്കുകൾ സമാഹരിച്ചത് 36097 കോടിയുടെ നിക്ഷേപം. മുൻവർഷത്തെ അപേക്ഷിച്ച് 3666 കോടിയുടെ വർദ്ധനവ്. കൂടാതെ മുൻവർഷത്തേതിൽ നിന്നും 3501 കോടിയുടെ അധികവായ്പയും ബാങ്കുകൾ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി.

നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോൾ ജില്ലയിൽ കാർഷികമേഖലയ്ക്കു ബാങ്കുകൾ നൽകിയത് 1723 കോടിയുടെ വായ്പയാണ്. 4897 കോടിയുടെ വാർഷിക ലക്ഷ്യത്തിൽ 35 ശതമാനം നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിള, ജലസേചനം, ഭൂവികസനം, ക്ഷീരമേഖല തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകൾക്കായാണ് വായ്പ നൽകിയിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന തൊഴിൽദാന പദ്ധതികൾക്ക് അടിയന്തര പ്രാധാന്യം നൽകി ബാങ്കുകൾ ഫണ്ട് അനുവദിക്കണമെന്നും സ്വയംതൊഴിൽ ചെയ്യാൻ തയ്യാറാവുന്നവർക്ക് കൂടുതൽ മുദ്ര ലോണുകൾ അനുവദിക്കാൻ ബാങ്കുകൾ തയ്യാറാവാണമെന്നും ഹോട്ടൽ സായൂജ്യം റസിഡൻസിയിൽ നടന്ന പരിപാടിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു.

 10985 കിസാൻ കാർഡുകളിലായി 29669 ലക്ഷം രൂപ നൽകി

 മുദ്ര ലോൺ വിഭാഗത്തിൽ 11901 അക്കൗണ്ടുകളിലായി 8872 ലക്ഷം രൂപ നൽകി

 വിദ്യാഭ്യാസ ലോൺ ഇനത്തിൽ 40157 വിദ്യാർത്ഥികൾക്കായി 1620 ലക്ഷം രൂപ വായ്പ നൽകി


ജില്ലാ കളക്ടർ ഡി.ബാലമുരളി അധ്യക്ഷനായ അവലോകന സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ഡി.അനിൽ, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സി.എം.ഹരിലാൽ, ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പി.ജി.ഹരിദാസ്, നബാർഡ് ഡി.ഡി.എം ലാലു.പി.എൻ.കുട്ടി എന്നിവർ സംസാരിച്ചു.

ഫോട്ടോ (1): ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി സംസാരിക്കുന്നു