വടക്കഞ്ചേരി: സ്വകാര്യ ക്ലിനിക്കുകളിലെ ചികിത്സാചെലവ് നിയന്ത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. രജിസ്‌ട്രേഷനുള്ള ഡോക്ടർ പഞ്ചായത്തിന്റെ ലൈസൻസ് മാത്രം ലഭ്യമാക്കിയാണ് പലയിടത്തും സ്വകാര്യ ക്ലിനിക്കുകൾ നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇൗ ക്ലിനിക്കുകളിൽ സ്ഥിരപരിശോധനാ സംവിധാനമില്ലാത്തതാണ് രോഗികളെ പിഴിയാൻ പ്രേരിപ്പിക്കുന്നത്. കിടത്തി ചികിത്സയിൽ മിക്ക ക്ലിനിക്കുകളിലും അമിത ചാർജ്ജാണ് ഈടാക്കുന്നത്. മണിക്കൂറിന് 100 രൂപ മുതൽ 400 രൂപവരെയാണ് റൂം വാടക. ക്ലിനിക്കുകളിലെ അമിതചാർജ് മൂലം നിർധനരായ രോഗികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

പരിശോധിച്ച ശേഷം മരുന്നുകൾ വാങ്ങുന്നതിനും ഈ ക്ലിനിക്കുകളിൽ പ്രത്യേക മെഡിക്കൽ സ്‌റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ക്ലിനിക്കുകളിൽ നിന്ന് എഴുതുന്ന മരുന്നുകൾ പുറത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ ലഭിക്കാത്തതിനാൽ പലരും ക്ലിനിക്കിനോട് ചേർന്നുള്ള മെഡിക്കൽ ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്. ഈ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നിന് അധികവില ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ജനഔഷധിയുടെ കേന്ദ്രങ്ങളിൽ മരുന്നിന് നാമമാത്രമായ വിലയുള്ളപ്പോഴാണ് ഈ തട്ടിപ്പ് എന്നതും ഗൗരവമുള്ളതാണ്. രോഗികളിൽ പലർക്കും ജനഔഷധിയിലെ മരുന്നിന് വിലക്കുറവുള്ള കാര്യം അറിയില്ലെന്നതും തട്ടിപ്പുകാർക്ക് ഗുണമാകുന്നു. ജനഔഷധി മരുന്നുഷോപ്പുകൾ നെന്മാറ, വടക്കഞ്ചേരി, മുടപ്പല്ലൂർ ഭാഗങ്ങളിൽ ഒരോന്നു മാത്രമാണുള്ളത്.