പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരിവരെ ദേശീയപാത രണ്ടാംഘട്ട വികസനത്തിനായി നിലവിലുള്ള അതിർത്തിയിൽ നിന്ന് 13.50 മീറ്റർ സ്ഥലത്ത് കെട്ടിടനിർമ്മാണത്തിന് അനുമതി നൽകരുതെന്ന് പഞ്ചായത്തുകൾക്ക് ദേശീയപാത അതോറിട്ടിയുടെ കത്ത്. പുതുശേരി, മരുതറോഡ്, കൊടുമ്പ്, കണ്ണാടി, കുഴൽമന്ദം, എരിമയൂർ, തേങ്കുറുശി, ആലത്തൂർ, കാവശേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകൾക്കാണ് കത്തയച്ചിട്ടുള്ളത്.
ദേശീയപാത ആറുവരിയാക്കുന്നതിന് നിലവിൽ 13.50 മീറ്റർ സ്ഥലംകൂടി അധികമായി ഏറ്റെടുക്കേണ്ടിവരും. ഇൗ സാഹചര്യത്തിൽ പാതകടന്നുപോകുന്ന ഭാഗങ്ങളിൽ കെട്ടിടം നിർമ്മാണങ്ങൾക്ക് അനുമതിനൽകിയാൽ അത് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങളെ ബാധിക്കും. ഇതേ തുടർന്നാണ് പഞ്ചായത്തുകൾക്ക് മുൻകൂർ കത്ത് നൽകിയതെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
നേരത്തെ നാലുവരിപാത നിർമ്മിക്കുമ്പോൾ 7.50 മീറ്റർ വിട്ടാണ് മറ്റ് നിർമ്മാണ പ്രവർത്തിക്ക് അനുമതിനൽകിയത്. പുതിയ ഉത്തരവിൽ അത് 13.50 മീറ്ററാക്കി ഉയർത്തി. നാലുവരിപാതയാക്കാൻ സ്ഥലമേറ്റെടുക്കുമ്പോൾ പലയിടത്തും കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചുള്ള തർക്കമുണ്ടായിരുന്നു. ഇത്തരം തർക്കങ്ങൾ ഒഴിവാക്കി ദേശീയപാത രണ്ടാംഘട്ട നിർമ്മാണം സുഗമമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പുതിയ ഉത്തരവനുസരിച്ച് ദേശീയപാതയ്ക്ക് ഇരുവശവും കെട്ടിടം അടക്കമുള്ള നിർമ്മാണം ആസുത്രണം ചെയ്യുമ്പോഴും വസ്തു കൈമാറ്റം നടത്തുമ്പോഴും പഞ്ചായത്തിന്റെയും ദേശീയപാത അതോറിട്ടിയുടെയും പ്രത്യേക അനുമതിവേണം.
അതേസമയം, ഒന്നാംഘട്ടത്തിനായി സ്ഥലം ഏറ്റെടുത്ത പലർക്കും ദേശീയപാത അതോറിട്ടി നഷ്ടപരിഹാര തുക ഇതുവരെ കൈമാറിയിട്ടില്ല. ഈ സഹാചര്യത്തിലാണ് രണ്ടാം വികസനത്തിനായി സ്ഥലം ഏറ്റെടുത്തുന്നത് സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുമെന്നാണ് സൂചന.