തിരുവനന്തപുരം: അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറമ്പിക്കുളം - ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ തീരുമാനം. ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റികൾ രൂപീകരിക്കും. കമ്മിറ്റിയുടെ ആദ്യയോഗം സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും.
ആനമലയാർ, നീരാർനല്ലാർ ഡൈവർഷനുകൾ, മണക്കടവ് വിഷയങ്ങളും കമ്മിറ്റി പരിശോധിക്കും. മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് വൈദ്യുതി നൽകാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ആറുമാസത്തിലൊരിക്കൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. പാണ്ടിയാർപുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.
മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജു, എം.എം.മണി, തമിഴ്‌നാട് ഗ്രാമവികസന മന്ത്രി എസ്.പി.വേലുമണി, തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കർ ഡോ.പൊള്ളാച്ചി വി.ജയരാമൻ, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ.ഷൺമുഖം തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാർ, എൻജിനിയർമാർ ചർച്ചയിൽ പങ്കെടുത്തു.