 കാഴ്ച മറക്കുന്ന ചെടികൾ വെട്ടിമാറ്റി


കൊല്ലങ്കോട്: അപകടങ്ങൾ പതിവായ വടവന്നൂർ മന്ദംപുള്ളി വളവിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പി.ശിവകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മന്ദംപുള്ളി അപകടവളവിനെക്കുറിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്തപ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.

കൊല്ലങ്കോട് - പുതുനഗരം പാതയിലെ മന്ദംപുള്ളി വളവിൽ റോഡ് നവീകരണത്തിന് ശേഷം അപകടങ്ങൾ പതിവായിരിക്കുകയാണ്. നിരവധി അപകടങ്ങളിലായി ഇതുവരെ ഒമ്പതുപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടകാരണം. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം റോഡിന് ഇരുവശത്തെയും പാഴ്ച്ചെടികളും പുല്ലും വെട്ടിമാറ്റി. പാതയുടെ വളവും നിർമ്മാണപിഴവും പരിഹരിക്കുന്നതിനായുള്ള നടപടികൾ ചർച്ചചെയ്യാൻ നാളെ കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെകടറുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ചനടക്കും.

എൻഫോഴ്‌സ്‌മെന്റ് ഓഫീസറെ കൂടാതെ എ.എം.വിമാരായ എ.കെ.ദാസ്, എൻ.സജീവ് എം.വി.ഐമാരായ സൈമൺ ചാക്കോ, വിനീത്, ഹരികൃഷ്ണൻ, ബിജു, മുരളീധരൻപിള്ള എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.