അഗളി: അട്ടപ്പാടിയുടെ വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തുന്ന 'സെളിമെ കാല' (സമൃദ്ധിയുടെ കാലം) പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിക്കും. അഗളി ഗവ. എൽ.പി.സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗോത്ര ചരിത്രവും സംസ്‌കാരവും ആലേഖനം ചെയ്യൽ, ഗോത്രഭാഷാ സഹായ പുസ്തകം പ്രസിദ്ധീകരിക്കൽ എന്നിവയും നടക്കും.

ഗോത്രഭാഷമാത്രം സംസാരിക്കുന്ന ആദിവാസി ഊരുകളിൽനിന്ന് സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മലയാളത്തിലെ പാഠഭാഗങ്ങൾ അറിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയും ഗോത്രഭാഷ വഴങ്ങാത്ത അധ്യാപകർക്ക് കുട്ടികളെ സഹായിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനാവും. അട്ടപ്പാടി നോഡൽ ഓഫീസർ ജെറോമിക് ജോർജ് മുഖ്യാതിഥിയാവും. സമഗ്രശിക്ഷ സംസ്ഥാന പ്രൊജക്ട ഡയറക്ടർ എ.പി.കുട്ടികൃഷ്ണൻ പദ്ധതി വിശദീകരിക്കും. സെളിമെ കാല പദ്ധതിക്ക് പിറകിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി വിതരണം ചെയ്യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശൻ, എം.ജയരാജൻ, സി.രാധാകൃഷ്ണൻ, ജോതി അനിൽകുമാർ, ശ്രീലക്ഷ്മി ശ്രീകുമാർ, രത്തിന രാമമൂർത്തി പങ്കെടുക്കും.

 സമ്പൂർണ സാക്ഷരത പദ്ധതി ഉദ്ഘാടനം ചെയ്യും

അട്ടപ്പാടി സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് അഗളി ഇ.എം.എസ് ടൗൺഹാളിൽ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കും. അട്ടപ്പാടി മേഖലയിൽ ആരംഭിച്ച സാക്ഷരതാ പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി 3670 പേരെ സാക്ഷരരാക്കാൻ സാധിച്ചു. മൂന്നാംഘട്ട പ്രവർത്തനം നടക്കുന്നു. 2020 ഏപ്രിലോടെ സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ബ്ലോക്ക് പഞ്ചായത്തായി അട്ടപ്പാടിയെ പ്രഖ്യാപിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.