പാലക്കാട്: മാലിന്യനീക്കം നിലച്ച് നഗരം ചീഞ്ഞുനാറുമ്പോൾ ഡി.എൽ.ആർ തൊഴിലാളികളുടെ സീനിയോറിട്ടി പട്ടികയുടെ കാര്യത്തിൽ സമവായത്തിലെത്താൻ തൊഴിലാളി സംഘടനാ പ്രതിനിധികളെയും പാർട്ടി നേതാക്കളെയും പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേരാൻ നഗരസഭ കൗൺസിൽ തീരുമാനം. ഇതിനു തുടർച്ചയായി ഒക്ടോബർ ഒന്നിന് പ്രത്യേക കൗൺസിൽ ചേരാനും ധാരണയായി.
മാലിന്യ പ്രശ്‌നത്തിൽ പരിഹാരം കാണാതെ സഹകരിക്കില്ലെന്ന നിലപാടെടുത്ത പ്രതിപക്ഷം ഡയസിനുമുന്നിൽ മുദ്രാവാക്യം മുഴക്കി നിലകൊണ്ടതോടെ കൗൺസിൽ നിറുത്തിവെച്ചു. തുടർന്നാണ് പ്രത്യേക കൗൺസിൽ ചേരാൻ ധാരണയായത്.
നഗരത്തിൽ മാലിന്യനീക്കം നിലച്ചതും പുല്ല് വളർന്നത് വെട്ടിമാറ്റാൻ പോലും നടപടിയില്ലാത്തതും ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മാലിന്യ പ്രശ്‌നത്തിൽ ഭരണ പരാജയം ഉന്നയിച്ച് എൽ.ഡി.എഫ് കൗൺസിലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫും നിസഹകരണം പ്രഖ്യാപിച്ചു. ഇതിനിടെ ഡി.എൽ.ആർ തൊഴിലാളികളെ നിയമിക്കാനാവാത്തതിന്റെ നിയമവശവും സീനിയോറിറ്റി പരിഗണിക്കേണ്ടത് എങ്ങിനെയെന്ന തർക്കവിഷയവും ഉന്നയിച്ച് രാഷ്ട്രീയം കളിക്കേണ്ടെന്ന് ഭരണപക്ഷവും നിലപാടെടുത്തു.
ഏറ്റവും കൂടുതൽ ജോലി ചെയ്തവർക്കാണ് സീനിയോറിട്ടി നൽകേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ താൽകാലിക ഡ്രൈവർമാരും ട്രഞ്ചിങ് ഗ്രൗണ്ടിലെ കുറച്ച് ജീവനക്കാരും തുടരുന്നതിലെ വ്യവസ്ഥയും വിഷയമായി. ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം വേർതിരിച്ച് വളമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 16 പേർ ജോലി ചെയ്യുന്നതെന്നു സെക്രട്ടറി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായാണ് അവർക്ക് വേതനം നൽകുന്നത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആളെയെടുത്തോ തൊഴിലുറപ്പ് പദ്ധതിയിലോ ശുചീകരണം നടത്താമെന്ന് സെക്രട്ടറി അറിയിച്ചു. സീനിയോറിട്ടി പട്ടിക തയ്യാറാക്കാൻ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിനെ ചൊല്ലി ചെയർപേഴ്‌സൺ വീണ്ടും സംസാരിച്ചു തുടങ്ങിയതോടെയാണ് എൽ.ഡി.എഫും യു.ഡി.എഫും നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങിയത്.