ഒറ്റപ്പാലം: ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവ്വേ പൂർത്തിയായി. ജില്ലാ റവന്യു സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷ്യൽ തഹസിൽദാറുടെയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി) ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സർവ്വേ പൂർത്തിയാക്കിയത്. പദ്ധതിക്കായി 3.25 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
സ്ഥലമളന്ന് ഏറ്റെടുക്കേണ്ട ഭാഗത്ത് കുറ്റിയടിച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ടാണ് റവന്യു ആർ.ബി.ഡി.സി സംഘം സർവ്വേ പൂർത്തിയാക്കിയത്. സെൻഗുപ്ത റോഡിൽ നിന്ന് പാലാട്ട് റോഡ് വഴി ഈസ്റ്റ് ഒറ്റപ്പാലത്ത് എത്തുന്ന രീതിയിലാണ് നിർദ്ദിഷ്ട ബൈപ്പാസുള്ളത്. കാക്കത്തോടിനു കുറകെ പാലവും നിർമ്മിക്കും.
40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോപ്പറേഷനാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 15 മീറ്റർ വീതിയുള്ള ഇരട്ടപ്പാതയാണ് പ്രദേശത്തുകൂടി നിർമിക്കുന്നത്. പാലാട്ട് റോഡിന് അഞ്ചുമീറ്ററാണ് വീതിയുള്ളത്. ഇവിടെ സ്വകാര്യവ്യക്തികളിൽ നിന്നും 10 മീറ്ററോളം സ്ഥലം ഏറ്റെടുക്കണം. സ്ഥലമേറ്റെടുക്കുന്നതിനായി പല വീടുകളുടെയും നടുവിലൂടെയും മുറ്റത്തുകൂടിയുമാണ് കുറ്റിയടിച്ചിട്ടുള്ളത്. എന്നാൽ, എത്ര വീടുകളെ ബൈപ്പാസ് പദ്ധതി ബാധിക്കുമെന്ന കൃത്യമായ കണക്ക് ഇപ്പോഴും തയ്യാറായിട്ടില്ല. കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷമേ പറയാൻ കഴിയൂ. കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷം സർവ്വേ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കളക്ടർ അംഗീകരിച്ച ശേഷമേ നിലവിലെ അലൈമെന്റ് ഉറപ്പിച്ച് സ്ഥലമെടുപ്പ് നടപടികൾ തുടങ്ങുവെന്നും റവന്യു അധികൃതർ പറഞ്ഞു. ബൈപ്പാസ് വരുന്നതോടുകൂടി നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.