പാലക്കാട്: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞദിവസം തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിൽ തനിച്ചാക്കി മടങ്ങിയ അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവ. വിക്‌ടോറിയ കോളേജിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം ഉച്ചവരെ നീണ്ടു. കൂടാതെ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും വിദ്യാർത്ഥിനികൾ പരാതി നൽകി.

കോളേജിലെ ലേഡീസ് ഹോസ്​റ്റലിൽ താമസിക്കുന്ന അട്ടപ്പാടി സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വ്യാഴാഴ്ച വാർഡന്മാരായ രണ്ട് അദ്ധ്യാപികമാരും സഹപാഠികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് മെഡിക്കൽകോളേജിലെത്തിച്ച ശേഷം വിശദപരിശോധനയ്ക്കും മറ്റും കാത്തുനിൽക്കാതെ അദ്ധ്യാപകർ പെൺകുട്ടിയെ ആശുപത്രിയിൽ തനിച്ചാക്കി മടങ്ങിയെന്നാണ് ആരോപണം. കൂട്ടിരിക്കാമെന്നു പറഞ്ഞ സുഹൃത്തുക്കളെയും നിർബന്ധിച്ച് തിരികെകൊണ്ടുവന്നു. ദളിത് പെൺകുട്ടിയായതിനാൽ എസ്.സി പ്രമോട്ടർമാരാണ് ഇതെല്ലാം നോക്കേണ്ടതെന്നുപറഞ്ഞാണ് അദ്ധ്യാപകർ മടങ്ങിയത്. വാ‌ർഡിലെ ഡ്യൂട്ടി നേഴ്സാണ് എസ്.സി.പ്രമോട്ടറെ വിളിച്ച് വിവരം പറഞ്ഞത്. അദ്ദേഹം ആശുപത്രിയിൽഎത്തുമ്പോൾ വൈകീട്ട് ആറുമണികഴിഞ്ഞിരുന്നു. ഈ സമയംവരെയും പെൺകുട്ടി ഒറ്റക്കായിരുന്നതായും വിദ്യാർത്ഥിനികൾ പറയുന്നു.
ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ വീഴ്ചവരുത്തിയ അദ്ധ്യാപകരെ വാർഡൻ സ്ഥാനത്തുനിന്നും താത്കാലികമായി മാ​റ്റുമെന്നും തിങ്കളാഴ്ച യോഗം ചേർന്ന് ആരോപിതർക്കെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അറിയിച്ചതായി സമരക്കാർ പറഞ്ഞു. അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥിനികൾ.