പാലക്കാട്: രാത്രി പകലില്ലാതെ നഗരത്തിലും സമീപ പ്രദേശങ്ങളിലും കന്നുകാലികൾ വിലസുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഗതാഗത തടസം സൃഷ്ടിച്ച് നിരത്ത് വാഴുന്ന കാലികളെ പിടിച്ചുകെട്ടാനോ ഉടമയ്ക്കെതിരെ പിഴ ചുമത്താനോ തദ്ദേശ ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല.
ഒലവക്കോട് - മലമ്പുഴ റൂട്ടിൽ സായി ജംഗ്ഷൻ കഴിഞ്ഞാൽ അകത്തേത്തറ പഞ്ചായത്ത് വരെയുള്ള ഭാഗങ്ങളിലാണ് കന്നുകാലികൾ റോഡ് കീഴടക്കുന്നത്. കഴിഞ്ഞദിവസം കല്ലേക്കുളങ്ങരയിൽ കന്നുകാലി കൂട്ടം നിരത്തുനിറഞ്ഞു നിന്നതോടെ ഗതാഗതം തടസപ്പെട്ടു. നീലിക്കാട് ഭാഗത്ത് രാത്രി സമയങ്ങളിൽ കന്നുകാലികൾ റോഡിൽ കിടക്കുന്നതും പതിവാണ്.
ഇവിടെ തെരുവ് വിളക്ക് ഇല്ലാത്തതിനാൽ റോഡിൽ നിലയുറപ്പിച്ചിരിക്കുന്ന കന്നുകാലികളെ കാണാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതേ തുടർന്ന് ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. റോഡിൽ കിടക്കുന്ന പശുക്കളെ ഇടിച്ച് കാറുകൾക്കും കേടുപാടു സംഭവിച്ച സംഭവങ്ങളും നടന്നിട്ടുണ്ട്.
നഗരത്തിൽ കന്നുകാലികളെ ഇടിച്ചുണ്ടായ അപകടത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടതോടെ നിരത്തിലെ കാലികളെ പിടിച്ചുകെട്ടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അതും പഴയപടിയായി. ശേഷം, പിടിച്ചുകെട്ടിയ കന്നുകാലികളെ പോലും സ്വാധീനത്തിനു വഴങ്ങി വിട്ടുനൽകേണ്ട അവസ്ഥയായതോട നടപടികൾ അവസാനിപ്പിച്ചു.
ഗതാഗത തിരക്കേറിയ കോർട്ട് റോഡിൽ പോലും കന്നുകാലികൾ വിലസുകയാണ്. മലമ്പുഴ - നൂറടി പാതയും ശേഖരീപുരം - കൽമണ്ഡപം ബൈപാസും കന്നുകാലികളുടെ വിഹാരകേന്ദ്രങ്ങളാണ്. ഇതിനെതിരെ നടപടി വേണമെന്ന് ട്രാഫിക് പൊലീസും ആവശ്യപ്പെടുന്നുണ്ട്. അശ്രദ്ധമായി കന്നുകാലികളെ റോഡിലേക്ക് ഇറക്കിവിടുന്നവർക്കെതിരെ ഗതാഗത തടസം സൃഷ്ടിക്കുന്നതിനും അപകടത്തിനിടയായാൽ അതിനും കേസെടുക്കണമെന്നും ആവശ്യം ശക്തമാണ്.