 രണ്ടാംഘട്ടം പരിശോധന അഞ്ചിന്

 വെള്ളച്ചാട്ടം സമുദ്ര നിരപ്പിൽനിന്നും 257 മീറ്റർ ഉയരത്തിൽ

 മഴവെള്ളത്തിൽ നിന്ന് 44 ദശലക്ഷം ഘനയടി വെള്ളം പാഴായിപോകുന്നു

 മീങ്കര, ചുള്ളിയാർ ഡാമുകൾ നിറയ്ക്കാക്കാൻ വേണ്ടത് 20 ദശലക്ഷം ഘനയടി വെള്ളം

കൊല്ലങ്കോട്: സീതാർകുണ്ട് ഡൈവേഴ്‌സൺ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശോധനയും സർവ്വേ നടപടികളും പൂർത്തിയായി.

രണ്ടു കാലവർഷങ്ങളിലായി ലഭിക്കുന്ന മഴവെള്ളം സീതാർകുണ്ട് വെള്ളച്ചാട്ടത്തിലൂടെ പാഴായിപോകുന്നത് കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ഉപയോഗപ്പെടുത്താനായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുവേണ്ടി വർഷങ്ങൾക്ക് മുമ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. വിഷയം കേരളകൗമുദി വാർത്തയാക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെ കെ.ബാബു എം.എൽ.എ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെപ്പിച്ചത്.

സമുദ്രനിരപ്പിൽ നിന്ന് 257 മീറ്റർ ഉയരെയാണ് പദ്ധതിക്കാവശ്യമായ പെൻസ്റ്റേക്കിന്റെ നിർമ്മാണം നടക്കുക. ഇതിലൂടെയാണ് വെള്ളം മീങ്കര - ചുള്ളിയാർ ഡാമിലേക്കെത്തിക്കുക. പദ്ധതി പ്രദേശത്ത് കേരള എൻജിനീയറിംങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കോൺണ്ടൂർ മാപ്പിംഗ്, ജി.പി.ആർ.എസ് സർവ്വേ എന്നിവയുടെ സഹായത്തോടെ പാറയുടെ ബലം ഉൾപ്പെടയുള്ള കാര്യങ്ങളിൽ പരിശോധന പൂർത്തിക്കി. ഇതോടെ എം.എൽ.എയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിൽ അവലോകനയോഗം ചേർന്നു.

സീതാർകുണ്ടിലെ വെള്ളം പെൻസ്റ്റോക്കുവഴി മീങ്കര ഡാമിൽ എത്തിക്കണം. ഡാം നിറയുന്ന മുറയ്ക്ക് ലിങ്ക് കനാൽ വഴി ചുള്ളിയാർ ഡാം നിറയ്ക്കാം. ഇത് സമീപത്തെ വിവിധ പഞ്ചായത്തുകളിലേക്ക് കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ഉപയോഗിക്കാം. പദ്ധതി യാഥാർത്ഥ്യമായാൽ ഹെക്ടർ കണക്കിന് കൃഷി വെള്ളമില്ലാതെ നശിക്കുന്നത് ഒഴിവാക്കാം. ഒക്ടോബർ അഞ്ചിന് വനംവകുപ്പിന്റെ അനുമതിയോടെ പദ്ധതി പ്രദേശം എം.എൽ.എ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കർഷ പ്രതിനിധികൾ, മാധ്യമ പ്രവർത്തകൾ ഉൾപ്പെടുന്ന സംഘം പദ്ധതിസ്ഥലം സന്ദർശിക്കും.

അവലോകന യോഗത്തിൽ കേരള എൻജിനീയറിംംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയി. ഡയറക്ടർ എം.രമ, ഇറിഗേഷൻ എക്‌സിക്യുട്ടീവ് ഓഫീസർ ഷീൻചന്ദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സുധ, പ്രസിഡന്റ് ശാലിനി കറുപ്പേഷ്, കൃഷ്ണൻകുട്ടി, സുധാരവീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: അവലോകന യോഗത്തിൽ കെ.ബാബു എം.എൽ.എ സംസാരിക്കുന്നു

2. നെല്ലിയാമ്പതി മലനിരയിലെ സീതാർകുണ്ട് വെള്ളച്ചാട്ടം