വടക്കഞ്ചേരി: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണിചെയിൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പാർട്ടിനടപടി. കാവശ്ശേരി, പാടൂർ, ലോക്കൽ കമ്മിറ്റികളിലുൾപ്പെട്ട പ്രാദേശിക നേതാക്കൾക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. സി.പി.എം പാടൂർ ലോക്കൽ കമ്മിറ്റിയംഗവും, കാവശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റിയംഗവുമായ കെ.സുനലീധരനെ ഒരുവർഷത്തേക്ക് പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്റെ നേതൃത്വത്തിലാണ് ആളുകളെ ചേർത്തത്. ഈസംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്തത്.
സുനലീധരനെ കൂടാതെ സി.പി.എം പാടൂർ ലോക്കൽ സെക്രട്ടറി പി.സി.പ്രമോദ്, ഡി.വൈ.എഫ്.ഐ, ബ്ലോക്ക് സെക്രട്ടറിയും, മുൻ കാവശ്ശേരി ലോക്കൽ സെക്രട്ടറിയമായ കെ.രജനീഷ്, ഡി.വൈ.എഫ്.ഐ പാടൂർ മേഖലാ സെക്രട്ടറി എസ്.അക്ബർ, വാസുദേവൻ വള്ളിക്കാട് തുടങ്ങിയവരെ പാർട്ടി താക്കീത് ചെയ്യുകയും ചെയ്തു.
6000 രൂപ മുതൽ ഒരുകോടി രൂപ വരെയാണ് നിക്ഷേപമായി സ്വീകരിച്ച് ഇരട്ടിച്ച് നൽകുന്നത്.
കോയമ്പത്തൂർ, പൊള്ളാച്ചി, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ പേരിലാണ് ആളുകളെ ചേർത്തത്. നിക്ഷേപമായി പണം സ്വീകരിച്ച് ഇരട്ടിച്ചു നൽകുമെന്നാണ് വാഗ്ദാനം നൽകിയത്. ഈ രീതിയിൽ 500 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതായി പ്രാഥമിക കണ്ടെത്തൽ. പണം നഷ്ടപ്പെട്ടവരിൽ മിക്കവരും പൊലീസിൽ പരാതി നൽകാത്തതിനാൽ അധികൃതർക്ക് നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 നിക്ഷേപം സ്വീകരിക്കൽ ഇപ്പോഴും തുടരുന്നു.
മണി ചെയിൻ തട്ടിപ്പിൽ പണം നഷ്ടമായ സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായാണ് സൂചന. ചില കമ്പനികൾ നിറുത്തിയെങ്കിലും കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പുതുതായി ചേർക്കുന്ന ഏജന്റുമാർക്ക് മികച്ച കമ്മീഷനാണ് ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.