പാലക്കാട്: ജീവനക്കാരനെ തല്ലിയെന്നാരോപിച്ച് സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ സമരത്തെതുടർന്ന് യാത്രക്കാർ പെരുവഴിയിലായി. കുഴൽമന്ദം - ഒറ്റപ്പാലം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെ തല്ലിയതിന്റെ പേരിലാണ് ഇന്നലെ മിന്നൽ പണിമുടക്ക് നടത്തിയത്. പൂടൂർ കോട്ടായി പെരിങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം, കോട്ടായി, തിരുവില്യാമല ,ഒറ്റപ്പാലം, പൂടൂർ തച്ചങ്കാട് എന്നീ റൂട്ടുകളിലോടുന്ന ബസുകളിലാണ് ഇന്നലെ രാവിലെ മുതൽ സർവീസ് നിർത്തിവച്ചത്. ഇതോടെ വെള്ളിയാഴ്ചയായതിനാൽ യാത്രക്കാർക്ക് നഗരത്തിലെത്താനും രാവിലെ പാലക്കാട്ടിലേക്കു വന്നവർക്ക് തിരിച്ചു നാട്ടിലെത്താനും കഴിയാത്ത അവസ്ഥായായി.
ഉച്ചയ്ക്ക് ഒരു കെ.എസ്.ആർ.ടി.സി കോട്ടായിലേക്കും വൈകീട്ട് 6 മണിക്ക് ശേഷം തച്ചങ്കാടിലേക്ക് 2 ബസുകളുമാണ് സർവീസ് നടത്തിയത്. കൊടുന്തരപ്പൂള്ളി - അത്താലൂർ എം.എൽ.എ റോഡുവഴിയുള്ള മിനി ബസ് മണിക്കൂർ ഇടവിട്ട് നടത്തിയ സർവീസും യാത്രക്കാർക്ക് അൽപ്പം ആശ്വാസമായി. പാലക്കാട് - പൂടൂർ - കോട്ടായി റൂട്ടിൽ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് യാത്രക്കാരെ ദുരിത്തിലാക്കിയുള്ള സ്വകാര്യ ബസുകളുടെ പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയത് മുതലെടുത്ത് യാത്രക്കാരിൽ നിന്നും ഓട്ടോ ടാക്‌സിക്കാർ അമിത ചാർജാണ് ഇന്നലെ ഈടാക്കിയത്.