കൊല്ലങ്കോട്: മുതലമട, പാപ്പാൻചള്ളയിൽ പൂട്ടിയിട്ടവീട്ടിൽ മോഷണം. പത്തേകാൽ പവൻ സ്വർണാഭരണവും 52,000 രൂപയും നഷ്ടപ്പെട്ടു. പാപ്പാൻചള്ളയിൽ സുന്ദരന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻവാതിൽ യഥാർത്ഥ താക്കോലുപയോഗിച്ച് തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയിരിക്കുന്നത്.
വീട്ടുടമസ്ഥൻ സുന്ദരനും മകൻ സുരേഷും മുവാറ്റുപുഴയിൽ ടയർ കമ്പനിയിൽ ജോലിക്കുപോയതിനാൽ ഇളയ മകനും മുത്തമകന്റെ ഭാര്യ സുന്ദരിയും മാത്രമാണുണ്ടായിരുന്നത്.
ഗോവിന്ദാപുരത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്കു പോകുന്ന സുന്ദരി പതിവുപോലെ മുൻവാതിൽ അകത്തുനിന്നും കുറ്റിയിട്ട ശേഷം പിൻവാതിൽ പൂട്ടിയാണ് ഇറങ്ങിയത്. താക്കോൽ വീടിനു പിറകിലെ പെട്ടിയിലാണ് വെയ്ക്കാറ്. ഇവിടെ നിന്നും താക്കോലെടുത്താണ് മോഷ്ടാവ് വാതിൽ തുറന്ന് അകത്തുകയറിയിരിക്കുന്നത്.
10ാം ക്ലാസിൽ പഠിക്കുന്ന സുന്ദരന്റെ ഇളയ മകൻ സംഭവസമയത്ത് സ്‌കൂളിലേക്കും പോയിരുന്നു. വൈകീട്ട് അഞ്ചരയോടെ വീട്ടിലെത്തിയെങ്കിലും അസ്വഭാവികമായൊന്നും കണ്ടില്ല. വൈകീട്ട് ആറോടെ വീട്ടിലെത്തിയ സുന്ദരി മേശയിൽ സൂക്ഷിച്ചിരുന്ന പണം ബാഗിൽ എടുത്തുവെക്കാൻ മേശക്കടുത്തെത്തിയപ്പോൾ ഒരു വലിപ്പ് കുത്തിതുറന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടന്ന തിരച്ചിലിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കി. ചിട്ടിപ്പണവും വീട്ടു ചെലവിനുള്ള പണവുമാണ് നഷ്ടമായത്.
പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് എസ്.ഐ കെ.ഹരീഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നു.