ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിൽ പുതിയതായി സ്ഥാപിച്ച റേഡിയൽ ഷട്ടറുകളുടെ നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തിയാകും. ചോർച്ച തടയാൻ ഷട്ടറിന്റെ അരികിൽ ഘടിപ്പിക്കുന്ന റബ്ബർ സീലിംഗ് സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഇനി ബാക്കിയുള്ളത്. ഇത് ഉടൻ പൂർത്തീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. 49.5 കോടി രൂപ ചെലവിൽ പദ്ധതി പ്രവർത്തനം 2017 നവംബറിലാണ് ആരംഭിച്ചത്.
21 മാസത്തെ കാലാവധിയിൽ ആരംഭിച്ച പ്രവർത്തി പ്രളയം മൂലം വൈകുകയായിരുന്നു. പ്രളയം മൂലം റെഗലേറ്ററിൽ നിന്നും ജലവിതരണം നടത്തുന്ന ഇടത്-വലത് കനാലുകളിൽ താൽക്കാലികമായി നിർമ്മിച്ച തടയണ തകർന്നിരുന്നു. ഇത് പരിഹരിക്കാൻ വീണ്ടും തടയണ നിർമ്മിക്കേണ്ടി വന്നതും നിർമ്മാണം വൈകാൻ കാരണമായി.
പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്നും കരാർ പ്രകാരം ലഭിക്കുന്ന വെള്ളം മൂലത്തറ റെഗുലേറ്ററിലൂടെയാണ് ആർ.ബി.സി, എൽ.ബി.സി, ചിറ്റൂർ പുഴ എന്നിവിടങ്ങളിലേക്ക് ഒഴുക്കുന്നത്. മുൻകാലങ്ങളിലെ പ്രളയത്തിൽ കേടുപാട് സംഭവിച്ചതിനാൽ പരമാവധി ജലം ഉൾക്കൊള്ളാൻ പാകത്തിൽ ഷട്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചാണ് നവീകരണം.
നിലവിലെ 13 വെർട്ടിക്കൽ ഷട്ടറുകളാണുള്ളത്. നവീകരണത്തിന്റെ ഭാഗമായി ഇതിന്റെ ഇടതുഭാഗത്ത് നാലും വലതു ഭാഗത്ത് രണ്ടും ഷട്ടറുകളടക്കം ആറ് ഷട്ടറുകൾ പുതിയതായി നിർമ്മിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ അർദ്ധ വൃത്താകൃതിയിൽ ഇരുമ്പുകൊണ്ടുള്ള റേഡിയൽ ഷട്ടറുകളാണ് ഘടിപ്പിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തിലൂടെ തുറക്കാനും അടയ്ക്കാനും കഴിയും വിധമാണ് ക്രമീകരണം.
ആറുമുതൽ ഏഴുമീറ്റർ വരെ ഉയരമുള്ള ഷട്ടറുകൾക്ക് ജലത്തിന്റെ വേഗത നിയന്ത്രിക്കാനും കഴിയും. പഴയ മൂന്ന് വെർട്ടിക്കൽ ഷട്ടറുകൾ എടുത്തുമാറ്റി പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും നടന്നുവരുന്നു. 95% നിർമ്മാണവും പൂർത്തിയായി. വരുന്ന ഡിസംബർ പണി പൂർത്തീകരിക്കാനാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു.