പത്തനംതിട്ട: ഓമല്ലൂർ അറയ്‌ക്കൽ സേതുമാധവന് പുരാവസ്‌തുക്കളോടുള്ള പ്രണയം അതിരില്ലാത്തതാണ്. ആ പ്രണയത്തിൽ സേതു തന്റെ വീട്ടിലൊരു മ്യൂസിയം തന്നെ ഒരുക്കി. സേതു വാങ്ങിക്കൂട്ടിയവയിൽ 1890 മുതലുള്ള വസ്‌തുക്കളുണ്ട്. കാമറകൾ, ഗ്രാമഫോൺ, നാണയം, താളിയോലകൾ, ആദ്യകാല റേഡിയോ, ടൈപ്പ് റൈറ്റർ, സ്റ്റാമ്പ്, കുത്തുവിളക്ക് അങ്ങനെ എണ്ണമറ്റ ശേഖരമുണ്ട് സേതുവിന്റെ കൈയിൽ. കാമറകളാണ് മ്യൂസിയത്തിലെ പ്രധാന താരം. ഫോട്ടോഗ്രഫിയോടുള്ള കമ്പമാണ് കാമറകളുടെ ചരിത്രം തേടിപ്പോകാൻ ഇൗ മുപ്പതുകാരനെ പ്രേരിപ്പിച്ചത്.
1890 മുതൽ 1930 വരെയുള്ള ട്രോപ്പിക്കൽ കാമറകളുടെ എല്ലാ മോഡലുകളും ഇവിടെയുണ്ട്. പലരും ഉപേക്ഷിച്ച പഴയകാല കാമറകൾ സേതുവിന് അമൂല്യ നിധിയാണ്.
280ൽ പരം രാജ്യങ്ങളുടെയും 150ൽ കൂടുതൽ നാട്ടുരാജ്യങ്ങളുടെയും നാണയങ്ങളും നോട്ടുകളുമാണ് മറ്റൊരു ആകർഷണം. ഏറ്റവും ചെറിയ ബൈബിൾ, ഏറ്റവും ചെറിയ പുസ്തകം എന്നിവയൊക്കെ സൂക്ഷിച്ചിട്ടുണ്ട്.
വെറുതേ കാശ് കളയുന്ന ഇവന് വട്ടാണെന്ന് പറഞ്ഞ് ആളുകൾ സേതുവിനെ കളിയാക്കിയിരുന്നു. എന്നാലിന്ന് ചോദിക്കുന്ന വില നൽകി പുരാവസ്‌തു വാങ്ങാൻ പലരുമെത്തുന്നു. പക്ഷേ അമൂല്യശേഖരം നൽകാൻ സേതു തയ്യാറല്ല.
യാത്രകളാണ് സേതുവിന്റെ വിനോദം. ആ യാത്രകളിലാണ് മിക്ക സാധനങ്ങളും ലഭിച്ചത്. സുഹൃത്തുക്കളായ സിബി മുള്ളനിക്കാടിനും ഷൈൻ ഇലവുംതിട്ടയ്‌ക്കുമൊപ്പം സ്‌കൂളുകളിലും മേളകളിലും പ്രദർശനം സംഘടിപ്പിക്കാറുണ്ട്. അച്ഛൻ അനിലിനും താളിയോലകളുടെ ശേഖരമുണ്ടായിരുന്നു. അമ്മ ശോഭനയും ഭാര്യ ബൃന്ദയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ഒരു സ്റ്റുഡിയോയും ഇവന്റ് ഗ്രൂപ്പും നടത്തുന്ന സേതു പത്തനംതിട്ട, കൊല്ലം ജില്ലാ സ്കൂൾ കലോത്സവങ്ങൾക്ക് ഇരുപത് വർഷമായി ഭക്ഷണം തയ്യാറാക്കുന്ന അനിൽ ബ്രദേഴ്സ് എന്ന കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുമാണ്.