പത്തനംതിട്ട: 63ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ നീരേറ്റുപുറം പമ്പാ ജലോത്സവം ഡിസംബർ 1ന് പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 39 ഓളം ജലരാജാക്കൻമാർ പങ്കെടുക്കും. അത്തം മുതൽ തുടങ്ങി ഓണാഘോഷ പുതുവൽസര പരിപാടികളോടാണ് ജലോൽസവം നടത്തുന്നത്.അത്തം നാളിൽ നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയതോടെ പരിപാടികൾ തുടങ്ങി. 9ന് അത്തപ്പൂക്കള മത്സരം, കുട്ടികളുടെ ചിത്രരചനാ മത്സരം, കുടുംബശ്രീ യൂണിറ്റുകളുമായി ചേർന്ന് കലാപരിപാടികൾ എന്നിവ നടത്തും. 10ന് 'കേരളം പ്രളയവും അതിജീവനവും' എന്ന വിഷയത്തിൽ ഫോട്ടോപ്രദർശന മത്സരം ഉണ്ടായിരിക്കും. ഉച്ചക്ക് 2ന് പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ പ്രദർശന വള്ളംകളി നടക്കും. വൈകിട്ട് 5ന് കലാസന്ധ്യ. 11ന് തിരുവോണനാളിൽ ചെറുവള്ളങ്ങളുടെ മത്സരം ,വാട്ടർ ബൈക്ക് പ്രദർശനം എന്നിവ ഉണ്ടായിരിക്കും. തിരുവിതാംകൂർ പമ്പ ഫെസ്റ്റ് എന്ന പേരിലാണ് ജലമേള ഇത്തവണ നടത്തുന്നതെന്ന് ഭാരവാഹികർ പറഞ്ഞു. പ്രളയക്കെടുതിമൂലവും വള്ളംകളി മത്സരങ്ങൾ പുന:ക്രമീകരിച്ചതുകൊണ്ടും ലീഗ് മത്സര വള്ളംകളി നവംബർ 23വരെ നടക്കുന്നതുകൊണ്ടുമാണ് ഫെസ്റ്റിന്റെ സമാപനം ഡിസംബർ 1ന് നടക്കുന്നതെന്ന് ഭാരവാഹികർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, വി.ആർ.രാജേഷ്, രതീഷ് പി.ടി, അഞ്ജു കോച്ചേരിൽ എന്നിവർ പങ്കെടുത്തു.