അരുവാപ്പുലം : അരുവാപ്പുലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെട്ടുക്കിളി ശല്യം രൂക്ഷമായി.ആഗസ്റ്റ്, സെപ്തബർ, ഒക്ടോബർ , നവംബർ മാസങ്ങളിലാണ് ഇവ കൂട്ടമായെത്തി കാർഷിക വിളകളുടെ ഇലകൾ തിന്ന് നശിപ്പിക്കുന്നത്. സമീപത്തെ കാട്ടിൽ നിന്നാണ് ഇവ കൂട്ടാമായെത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഇവയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. തേക്ക്, വാഴ, കാപ്പി, കൊക്കോ എന്നിവയുടെ ഇലകളാണ് തിന്ന് നശിപ്പിക്കുന്നതിലേറെയും. വാഴയുടെ തളിരില പൂർണ്ണമായി തിന്നുന്നതിനാൽ വാഴക്കുലകൾക്ക് തൂക്കക്കുറവാണെന്ന് കർഷകർ പറയുന്നു. പഞ്ചായത്തിലെ അക്കരകാല പടി, കല്ലേലി, കുരിശുംമൂട് എന്നിവടങ്ങളിലാണ് ശല്യം കൂടുതലായുള്ളത്. കനത്ത് വെയിലത്തും മഴയത്തും ഇലകളുടെ അടിയിൽ മറഞ്ഞിരിക്കുന്ന വെട്ടുക്കിളികൾ ഇലകളെ ആഹാരമാക്കുകയാണ്.
തേക്ക്, നാരകം, ചൊറുതനം എന്നിവയുടെ ഇലകൾക്കടിയിലാണ് വെട്ടുക്കിളികൾ മുട്ടയിടുന്നത്.
ശല്യം രൂക്ഷമായതിനെ തുടർന്ന് നാലു വർഷം മുൻപ് അരുവാപ്പുലം പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ബോധവൽക്കരണവും കീടനാശിനി പ്രയോഗവും നടത്തിയിരുന്നു .
വലിയ പുൽച്ചാടി
കുറ്റിക്കൊമ്പ് പോലെ സ്പർശിനികൾ ഉള്ള ആക്രിഡിഡേ കുടുംബത്തിലെ
വലിയ പുൽച്ചാടി ഇനങ്ങളെയാണ് വെട്ടുക്കിളി എന്ന് വിളിക്കപ്പെടുന്നത്. അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ പെട്ടെന്ന് വംശവർദ്ധന നടത്തുന്ന ഇവ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നു നശിപ്പിക്കാറുണ്ട്. 15 സെ.മീ വരെ വലിപ്പം ഉള്ള ആക്രമണകാരികളായ ചില ഇനം വെട്ടുക്കിളികൾ, ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കുന്നു.