image

പത്തനംതിട്ട : വിവാദങ്ങൾക്ക് വിരാമം കുറിച്ച് പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. 14 കോടിയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടം തയാറാക്കിയിട്ടുള്ളത്. ഇതിൽ ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്നും ആറ്കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടെത്തണം. എം.പിയുടെയും നഗരസഭയുടെയും ഫണ്ടിൽ നിന്നും ബാക്കി തുക കൂടി കണ്ടെത്തി ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയ്ക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം ഡിവിഷനാണ് നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തീകരിക്കുന്ന ഓരോ ഘട്ടത്തിലും പണം കരാറുകാരന് ലഭിക്കും. 2017 സെപ്തംബർ 17ന് ഗവർണർ പി.സദാശിവമാണ് ഇൻഡോർ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. ടെൻഡർ ഉൾപ്പെടെ പ്ലാനും എസ്റ്റിമേറ്റും അടക്കം യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ശിലാസ്ഥാപനം നടത്തിയത്. ഇത് സംബന്ധിച്ച് ഗവർണറുടെ ഓഫീസും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻ നഗരസഭാ ചെയർപേഴ്‌സൺ ഗീതാ സുരേഷ് അധികാരമേറ്റതിന് ശേഷമാണ് ബാക്കി നടപടിക്രമങ്ങൾ നടന്നത്. പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനായി വിദഗ്ധ സംഘം നിരവധി തവണ സ്ഥലം സന്ദർശിച്ചിരുന്നു. ഒരു വർഷത്തോളം ഇതിന്റെ നടപടികളും വേണ്ടി വന്നു. കഴിഞ്ഞ മാസം 17ന് ഈ ടെൻഡർ നടപടികൾ ആരംഭിച്ച് 31ന് അവസാനിപ്പിക്കുകയായിരുന്നു. ഇതേ സമയം സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 50 കോടി രൂപയുടെ സ്റ്റേഡിയം വികസന പദ്ധതി ധാരണാപത്രത്തിൽ ഒപ്പിടുന്നതിനെ സംബന്ധിച്ച് നഗരസഭയും സ്പോർട്സ് കൗൺസിലിലും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.

സ്റ്റേഡിയത്തിന്റ നാൾവഴികൾ

നഗരസഭയുടെ എക്കാലത്തേയും തലവേദനയായിരുന്നു ഇൻഡോർ സ്റ്റേഡിയം. മാറി വരുന്ന കൗൺസിലുകളിൽ എല്ലാ ബഡ്ജറ്റിലും സ്റ്റേഡിയത്തിനായി നിർദേശം വച്ചിരുന്നു. ഇതിനിടയിൽ നഗരസഭയ്ക്ക് ലഭിക്കേണ്ട സ്റ്റേഡിയം അവസാന നിമിഷം പ്രമാടത്തിലേക്ക് മാറ്റി. അത് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയമായി മാറി. 2015ൽ സുരേഷ് കുമാർ ചെയർമാൻ ആയിരുന്ന കാലത്താണ് ഇന്നത്തെ ഇൻഡോർ സ്റ്റേഡിയത്തിന് തുടക്കം കുറിക്കുന്നത്. ആന്റോ ആന്റണി എം.പി അന്നത്തെ യു.പി.എ സർക്കാർ ഫണ്ടിൽ നിന്ന് ആറ് കോടി ഇതിനായി നീക്കിവപ്പിച്ചിരുന്നു. അടിയന്തര കൗൺസിൽ യോഗം ചേർന്ന് ഉചിതമായ രേഖകൾ സഹിതം സമർപ്പിച്ചതിനാലാണ് അന്ന് ആ തുക ലഭിച്ചത്. പ്രതിപക്ഷ നേതാവ് സക്കീർ ഹുസൈനും അന്ന് പദ്ധതിയ്ക്ക് അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ ആ കൗൺസിലിന്റെ കാലാവധി തീർന്നതോടെ പദ്ധതിയും നിലച്ചു. അടുത്ത കൗൺസിൽ ഭരണത്തിൽ വന്ന് രണ്ട് വർഷത്തിന് ശേഷമാണ് ശിലാസ്ഥാപനം നടത്തുന്നത്.

വിദഗ്ധരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് കേന്ദ്ര പൊതുമാരാമത്ത് വകുപ്പിനെ നിർമ്മാണ ചുമതല ഏൽപ്പിച്ചത്. കഴിഞ്ഞ മാസം 17ന് ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു.

ഗീതാ സുരേഷ്

മുൻ ചെയർപേഴ്സൺ