കടമ്പനാട് : വിധി ഇപ്പോൾ അഭിജിത്തിന്റെ വൈദഗ്ദ്ധ്യത്തിന് മുന്നിൽ തലകുനിക്കുന്നുണ്ടാകും. പാദങ്ങൾ ഇല്ലേലും ഫുട്ബോൾ കളിയിൽ വിസ്മയം തീർക്കുന്ന പത്താംക്ലാസുകാരന്റെ ചുവടുവയ്പ്പ് അദ്ഭുതത്തോടെയാണ് നാട്ടുകാർ കാണുന്നത്. മണ്ണടി നടുവിലേക്കര മായാവിലാസത്തിൽ സോമന്റെയും മായയുടെയും മകൻ അഭിജിത്താണ് പാദങ്ങളില്ലാത്ത കാലുകൾകൊണ്ട് ഫുട്ബോളിനെ വരുതിയിലാക്കി തിളങ്ങുന്നത്. ഫുട്ബോൾ കളിയിലെ അഭിജിത്തിന്റെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിലും ഹിറ്റായിട്ടുണ്ട്. ഇരുകാലുകളിലെ പാദങ്ങളും ഇടതുകൈപ്പത്തിയും അഭിജിത്തിന് ജന്മനായില്ല. കിലോമീറ്ററുകളോളം സൈക്കിളോടിച്ചും അഭിജിത്ത് നാട്ടിലെ ഹീറോയാണ്. ചേട്ടൻ അഭിയും അനിയൻ അഖിലും മറ്റുകൂട്ടുകാർക്കൊപ്പം വീടിനടുത്തെ ചെറിയ മൈതാനിയിൽ ഒാടികളിക്കുന്നതുകണ്ട് വിഷമിച്ച അഭിജിത്തിനെ ഇരുവരും പതുക്കെ ഗ്രൗണ്ടിലേക്കിറക്കുകയായിരുന്നു. ഇന്ന് ഫുട്ബോൾ കളിയിൽ മണ്ണടിയുടെ പ്രതീക്ഷയാണ് ഇവൻ. ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിലെത്തി മറ്റ് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കും. മറ്റിടങ്ങളിൽ മത്സരത്തിന് പോകും സമ്മാനങ്ങളും ഈ കൊച്ചുമിടുക്കൻ.
മികച്ച ഫുട്ബോളറാകാൻ ആഗ്രഹം
മികച്ച ഫുട്ബോളറാകണമെന്നാണ് ആഗ്രഹം. ഐ.എം വിജയനാണ് ആരാധനാപാത്രം. മികച്ച രീതിയിൽ ട്രെയിനിംഗ് നൽകിയാൽ മികച്ച ഒരു കായിക താരത്തേയും മറ്റുള്ളവർക്ക് പ്രചോദനമായും അഭിജിത്ത് മാറും എന്നതിൽ സംശയമില്ല. പക്ഷേ കൂലിപണിക്കാരായ രക്ഷിതാക്കൾക്ക് അതിനുള്ള യാതൊരു സാഹചര്യവുമില്ല. മകന് ലഭിച്ച ട്രോഫികളും മറ്റ് ഉപഹാരങ്ങളും സൂക്ഷിക്കാൻ പോലും ഇടമില്ലാത്തതാണ് വീട്ടിലെ സാഹചര്യം.
വളരെ ബുദ്ധിമുട്ടിയാണ് മകന് ഫുട്ബോൾ വാങ്ങിനൽകിയത്.
നാട്ടുകാർക്കും വീട്ടുകാർക്കും താൻ ചെയ്യുന്നതൊക്കെ വിസ്മയമാണെങ്കിലും അഭിജിത്തിന് അങ്ങനൊരു തോന്നലേയില്ല. മറ്റുകുട്ടികൾ ചെയ്യുന്നതൊക്കെ താനും ചെയ്യുന്നു അത്രമാത്രം.
മായ
(അഭിജിത്തിന്റെ മാതാവ്)
മരംകയറും ആറ്റിൽ നീന്തികുളിക്കും. ഉറിയടി മത്സരത്തിലും മറ്റ് നാടൻ കായിക ഇനങ്ങളിലും നാട്ടിലെ സ്ഥിരം വിജയി. ജന്മനാതന്നെ കാലുകൾക്ക് തൊണ്ണൂറ്റിയെട്ട് ശതമാനം വൈകല്ല്യം. ഇടത്തേകാലിന് മൂന്ന് വിരലുകൾമാത്രം. ഇടതുകൈക്ക് പത്തിയില്ല.