മണ്ണീറ: ചരിത്രമുറങ്ങുകയാണ് മണ്ണീറ തലമാനം ശിവക്ഷേത്രത്തിൽ. വനമേഖലയായ ഇവിടെ ഇപ്പോഴും പഴയകാലത്തിന്റെ അവശേഷിപ്പുകളുണ്ട്. പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങൾക്ക് പണ്ട് തമിഴ്‌നാടുമായി ബന്ധമുണ്ടായിരുന്നു. 1945 മുതലാണ് മണ്ണീറയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. കാട്ടുതീയിൽ നശിച്ചും കാട്ടാന
ആക്രമിച്ച് തകർന്നും കിടക്കുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അവരാണ് കണ്ടെത്തിയത്. മൂന്നായി ഉടഞ്ഞ ശിവലിംഗവും രണ്ട് വലിയ വിഗ്രഹങ്ങളും ബലിക്കല്ലുകളും, നന്ദികേശ വിഗ്രഹവും നാഗരാജാവിന്റെയും നാഗ യക്ഷിയടേയും വിഗ്രഹങ്ങളും ഇവിടെയുണ്ട് . വിശാലമായകുളം കപ്പിയും കയറും ഉപയോഗിക്കാതെ പടിക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന് വെള്ളമെടുക്കാൻ കഴിയുന്ന വാൽ കിണർ എന്നിവയുമുണ്ട്. നേരത്തെ ക്ഷേത്രത്തിന് ചുറ്റും കിടങ്ങും കരിങ്കല്ലിൽ പണിത കോട്ടയുമുണ്ടായിരുന്നു. സമീപത്തുതന്നെയുള്ള പൊട്ടൻപാറയെന്ന സ്ഥലത്ത് നിരവധി മുനിയറകളും കണ്ടെത്തിയിരുന്നു, ബലിക്കല്ലിൽ പുരാതന ലിപികളായ വട്ടെഴുത്തും കോലെഴുത്തും കാണാം.
ഇവിടെ നിന്ന് കൊക്കാത്തോട്ടിലേക്കും, കാക്കര ക്ഷേത്രത്തിലേക്കും വനപാതകളുണ്ട്. കൊക്കാത്തോട്ടിലേക്കുള്ള വനപാതയിലൂടെ നേരത്തെ ആളുകൾ പോയിരുന്നു.. കഴിഞ്ഞ വർഷം ആദിവാസിയെ കടുവ കൊന്നതോടെ ഇതുവഴിയുള്ള യാത്ര നിലച്ചു. ഈ വനപാതയിൽ പഴയകാലത്തെ നിരവധി കിണറുകളും കുളങ്ങളും കാണാം. 1972 ൽ എസ്.എൻ.ഡി.പി യോഗം. 1807 നമ്പർ മണ്ണീറ ശാഖ രജിസ്റ്റർ ചെയ്തപ്പോൾ ക്ഷേത്രവും ക്ഷേത്രത്തോടനുബന്ധിച്ച നാല് ഏക്കർ സ്ഥലവും ശാഖയുടെ അധീനതയിലായി .1980 ൽ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി.
------------------
പുതിയ ക്ഷേത്രം ഒരുങ്ങുന്നു
നിലവിലുള്ള ക്ഷേത്രം പൊളിച്ച് ബാലാലയ പ്രതിഷ്ഠ നടത്തി പുതിയ ക്ഷേത്രം പണിയുകയാണിവിടെ. ശ്രീകോവിലും, ശാസ്താപ്രതിഷ്ഠയും, രക്ഷസ്, യോഗീശ്വരൻ, നാഗത്തറ ഉൾപ്പെടെയുള്ള ഉപദേവത പ്രതിഷ്ഠകളും ഉണ്ടാകും എം.എൻ. മോഹനൻ പ്രസിഡന്റും എൻ.പി.ത്യാഗരാജൻ സെക്രട്ടറിയുമായ എസ്.എൻ.ഡി.പി.യോഗം 1807 നമ്പർ മണ്ണീറ ശാഖ ഭരണ സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്. മാവേലിക്കര സരേഷ് ഭട്ടതിരിപ്പാടാണ് ക്ഷേത്രം തന്ത്രി, ചെട്ടികുളങ്ങര സുനിൽ കുമാർ മേൽശാന്തിയും.. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റ് സ്വാമി ശാശ്വതീകാനന്ദ മുമ്പ് ഇവിടെ എത്തിയിരുന്നു. ഇവിടെ ആശ്രമം സ്ഥാപിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു.