തിരുവല്ല:സൗത്ത് ആഫ്രിക്ക ഈസ്റ്റൺ കേപ്പ് പ്രവിശ്യയിൽ പ്രവിശ്യാ നിയമനിർമ്മാണ സഭാംഗമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല മന്നൻകരച്ചിറ കേശവത്തിൽ കെ. അനിൽകുമാറാണ് പ്രൊവിൻഷ്യലെ ജി സ്റ്റേറ്റിൽ തിരഞ്ഞെടുത്തത്. ഈസ്റ്റേൺ കേപ്പിൽ ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരാനാണ്. എം.എൽ.എയ്‌ക്ക് തുല്യമായ പദവിയാണിത്. പ്രൊവിൻഷ്യലെ ജി സ്റ്റേറ്റിൽ 60 അംഗങ്ങളാണ്. ഇതിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയാണ് അനിൽകുമാർ. അഞ്ച് വർഷമാണ് കാലാവധി. ഒരു വർഷം നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അംഗങ്ങളെ കണ്ടെത്തുന്നത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ട്രഷറർ ആയിരുന്ന അനിൽകുമാർ 1990 മുതൽ എ.എൻ.സി, സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ് ഒഫ് സൗത്ത് ആഫ്രിക്കൻ ട്രേഡ് യൂണിയൻ എന്നിവ ചേർന്നുള്ള മുന്നണിയിൽ സജീവ പ്രവർത്തകനാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ സൗത്ത് ആഫ്രിക്കൻ ഡെമോക്രാറ്റിക്ക് ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന ഭാരവാഹിയായിരുന്നു. നെൽസൻ മണ്ടേല ഉൾപ്പെടെയുള്ള ആഫ്രിക്കൻ വർണ വിവേചന വിരുദ്ധ വിപ്ളവ പോരാളികളുടെ ജന്മസ്ഥലം കൂടിയാണ് ഈസ്റ്റേൺ കേപ്പ് . ഈസ്റ്റേൺ കേപ്പ് ഡിപ്പാർട്ടുമെന്റ് ഒഫ് എഡ്യൂക്കേഷനിൽ ഡയറക്ടറാണ് അനിൽകുമാർ. സൗത്ത് ആഫ്രിക്കയിൽ അദ്ധ്യാപികയായ തിരുവല്ല മാലിയിൽ കുടുംബാംഗം മിനിയാണ് ഭാര്യ. മക്കൾ: ഡോ.വിഷ്ണു പിള്ള (സൗത്ത് ആഫ്രിക്ക), മീര പിള്ള (എം.ബി.ബി.എസ് വിദ്യാർത്ഥിനി, സൗത്ത് ആഫ്രിക്ക).