കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. ഓണത്തിന് വിളവെടുക്കുവാനായി ഒരുക്കിയ കൃഷിയിടങ്ങളിൽ കനത്തമഴ നാശം വിതച്ചിരുന്നു. അവശേഷിച്ച വിളകൾക്കാണ് ഇപ്പോൾ കാട്ടുപന്നികൾ ഭീഷണിയാകുന്നത്. അങ്ങാടിക്കൽ, ഒറ്റതേക്ക് , വയണകുന്ന്, പ്പാമുക്ക് , മണിമലമുക്ക് , ചക്കാല മുക്ക് , കോമാട്ട് മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് ദുരിതമനുഭവിക്കുന്നവരിൽ ഏറെയും. വാഴ മുതൽ പച്ചക്കറിക്കൃഷി വരെ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുകയാണ്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇവ വരുത്തിയിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇറങ്ങുന്ന പന്നിക്കൂട്ടം ജനവാസമേഖലയിൽ വരുത്തുന്ന നഷ്ടം ചില്ലറയല്ല. നിരവധി പ്രദേശവാസികൾക്ക് പന്നിയുടെ കുത്തേറ്റിട്ടുണ്ട്. അങ്ങാടിക്കൽ താമല്ലാക്കൽ വീട്ടിൽ സദാശിവൻ, സുധി ഭവനത്തിൽ ബാലൻ എന്നിവരുടെ കൃഷിത്തോട്ടം കഴിത്ത ദിവസം പന്നികൾ നശിപ്പിച്ചു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാം എന്ന ഉത്തരവുണ്ടങ്കിലും സാമ്പത്തികമായി പിന്നാക്കമായ കർഷകർക്ക് തോക്ക് വാങ്ങാൻ ബുദ്ധിമുട്ടാണ്. പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിൽ നിന്നാണ് പന്നിക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. റബ്ബർ മരങ്ങൾക്കിടയിലെ അടിക്കാടുകളാണ് പന്നികളുടെ താവളം.

റബർ കൃഷി നഷ്ടത്തിലായതോടെ അടിക്കാടുകൾ വെട്ടുന്ന പതിവും ഇല്ലാതായി. പന്നികളുടെ ആക്രമണത്തിൽ കൃഷിനാശം ഉണ്ടായാൽ നഷ്ടപരിഹാരവും ലഭിക്കാറില്ല.

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാമെന്ന ഉത്തരവ് അപ്രായോഗികമാണ്. ഹൈക്കോടതിയിൽ പോരാട്ടം തുടരും.

(കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവ് നേടിയെടുത്ത കർഷകൻ )

പ്രതിരോധിക്കാനാകാതെ

പന്നികളെ നേരിടാൻ വേലി സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഒരുക്കിയിരുന്നു. ഇതിനായി വിതരണം ചെയ്ത ടിൻ ഷീറ്റുകൾ ഫലം കണ്ടില്ല. പലയിടത്തും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജ വേലികളും നശിച്ചു.

ഓണവിപണിയിലേക്കുള്ള വിളകൾ നശിപ്പിച്ചു

കാവലിരുന്നാലും പ്രയോജനമില്ല

കർഷകർക്ക് നഷ്ടപരിഹാരവുമില്ല