urakkuzhy

കിഴക്കുപുറം: മനോഹരദൃശ്യമാണ് ഉരുക്കുഴി വെള്ളച്ചാട്ടം. കോന്നി, ​ മലയാലപ്പുഴ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കിഴക്കുപ്പുറത്താണ് വെള്ളച്ചാട്ടം. കോന്നിയിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ അട്ടച്ചാക്കൽ, കിഴക്കുപുറം വഴി' ഇവിടെയെത്താം. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കുമ്പഴത്തോട്ടത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ചെറുതോടുകൾ ഒന്നായി ഒഴുകിയെത്തി വലിയ തോടായാണ് ഉരക്കുഴിയിലെത്തുന്നത്. കിഴക്കുപുറം, അട്ടച്ചാക്കൽ വഴി കൊല്ലത്ത് മണ്ണിൽ വച്ച് അച്ചൻകോവിലാറ്റിൽ ചേരും. വിശാലമായ പാറയിൽ സ്വിമ്മിങ്ങ് പൂളുകൾ പോലെയുള്ള മൂന്ന് കുഴികളാണ് പ്രത്യേകത. വെള്ളച്ചാട്ടത്തിന് കുറച്ചുദൂരെ വരെയേ വാഹനങ്ങളെത്തു. ഒരുവശത്ത് വിശാലമായ ഹാരിസൺ പ്ലാന്റേഷന്റെ സ്ഥലമാണ്. ഇവിടെ കാടുപിടിച്ച റബർതോട്ടമാണ്. സാവത്രികാടെന്നാണ് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിെന്റയും ചീവിടുകളുടേയും ശബ്ദം മാത്രമെ കേൾക്കാൻ കഴിയൂ, വഴുവഴുപ്പുള്ള പാറയായതിനാൽ സൂക്ഷിച്ചുവേണം നടക്കാൻ . പാറയിലെ സ്വിമ്മിങ്ങ് പൂൾ പോലെയുള്ള വെള്ളം നിറഞ്ഞ കുഴികളിൽ നീന്താൻ കഴിയും. ശ്രീരാമനും , സീതയും , ലക്ഷ്മണനും വനവാസകാലത്ത് ഇവിടെയെത്തിയതായും കുളിക്കാനായി പാറയിൽ മൂന്ന് കുഴികൾ കുഴിച്ചെന്നുമാണ് പഴമക്കാരുടെ വിശ്വാസം . അവധി ദിവസങ്ങളിൽ കോളേജ് വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ എത്തുന്നുണ്ട്. കോന്നി ഇക്കോ ടൂറിസം പദ്ധതിയുമായി വെള്ളച്ചാട്ടത്തെ ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.