sosamma-thomas
ശോശാമ്മ തോമസ്

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ശോശാമ്മ തോമസ് വീണ്ടും ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായത് നാടകീയ രംഗങ്ങൾക്ക് കളമൊരുക്കി. ഭരണ സമിതിയുടെ ആദ്യകാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന കോൺഗ്രസ് അംഗം ശോശാമ്മ തോമസിനെ പിന്തുണച്ചിരുന്ന കേരളാ കോൺഗ്രസ് (എം) അംഗം കൂറുമാറി എൽ.എഡി.എഫിനൊപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ നേരത്തേ പുറത്തായിരുന്നു. പിന്നീട് ആറുമാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം അംഗം മനുഭായ് മോഹൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം കുറുമാറിയ അംഗം കവിയൂർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ. ദിനേശ് യു.ഡി.എഫ്. മനുഭായിക്ക് എതിരെ കൊണ്ടുവന്ന അവിശ്വാസത്തെ പിന്നീട് അനുകൂലിച്ചു. ഇതോടെ എൽ.ഡി.എഫ് പ്രസിഡന്റ് പുറത്തായി. ഈ ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11ന് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വരണാധികാരിയായ ജില്ലാ സഹകരണ ജോയിന്റ് ഡയറക്ടർ എം.കെ വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് സെക്രട്ടറി കെ. ഉത്തമന്റെ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ആദ്യ രണ്ട് അംഗങ്ങൾ വോട്ടുചെയ്ത ശേഷം മൂന്നാമതായി വൈസ് പ്രസിഡന്റ് കെ. ദിനേശൻ ബാലറ്റ് കീറിയതിനെ തുടർന്ന് വീണ്ടും വോട്ട് രേഖപ്പെടുത്തി. ഇതോടെ എൽ.ഡി.എഫ് അംഗങ്ങൾ ക്രമപ്രശ്‌നം ഉന്നയിച്ച് വോട്ടിംഗ് തടസപെടുത്തി.തുടർന്ന് മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ ദിനേശ് രേഖപ്പെടുത്തിയ രണ്ടാമത്തെ വോട്ട് അസാധുവാണെന്ന് വരണാധികാരി അറിയിച്ചു. പുനരാരംഭിച്ച വോട്ടിംഗിൽ ആകെയുള്ള 13 വോട്ടിൽ ഒരു വോട്ട് അസാധുവും ഇരുപക്ഷത്തിനും ആറുവീതം വോട്ടുകളും ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പ് ശോശാമ്മ തോമസിന് അനുകൂലമായി. ഫലപ്രഖ്യാപനത്തിന് ശേഷം യു.ഡി.എഫ്. അംഗങ്ങളുടെയും നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ശോശാമ്മ തോമസ് രണ്ടാം തവണയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ശോശാമ്മ തോമസ് ചാലാപ്പള്ളി ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. റാന്നി ഉന്നക്കാവ് പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്.