purity

തിരുവല്ല: വെള്ളപ്പൊക്കത്തിന് ശേഷം അപ്പർകുട്ടനാട് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ചു ശുദ്ധജലം ഉറപ്പാക്കാൻ വിദ്യാർത്ഥി സംഘമെത്തി. പന്തളം എൻ.എസ്.എസ് കോളേജിലെ കെമിസ്ട്രി അസോസിയേഷൻ ഒഫ് റീഹാബിലിറ്റേഷൻ എൻഹാൻസ്‌മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രളയശേഷം അപ്പർകുട്ടനാട്ടിലെ കുടിവെള്ള സ്രോതസ്സുകൾ വ്യാപകമായി മലിനപ്പെട്ടത് ആശങ്ക ഉയർത്തിയിരുന്നു. കിണറുകളിൽ മലിനജലം നിറഞ്ഞു. ഈ സാഹചര്യത്തിലാണ് ജലത്തിന്റെ ശുദ്ധതയെക്കുറിച്ച് പരിശോധന നടത്താൻ വിദ്യാർത്ഥി സംഘം എത്തിയത്. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. വിദ്യാർത്ഥി സംഘം ആശാ പ്രവർത്തകരോടൊപ്പം കിണറുകൾ ശുദ്ധീകരിക്കാനും നേതൃത്വം നൽകി. സാമ്പിളുകൾ പരിശോധിച്ച് ആരോഗ്യ വകുപ്പിന് വിശദമായ റിപ്പോർട്ട് കൈമാറും. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുനിതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി ഏബ്രഹാം, കെയർ കോ ഒാർഡിനേറ്റർ ഡോ.രഞ്ജുഷ.എസ്, ഹെൽത്ത് സൂപ്പർവൈസർ ബാബുക്കുട്ടി, മറിയാമ്മ ശാമുവേൽ, സ്റ്റുഡന്റസ് കോ ഒാർഡിനേറ്റർ ആദർശ് എന്നിവർ പ്രസംഗിച്ചു.