jithesh

പത്തനംതിട്ട: ലോകശ്രദ്ധ നേടിയ 10 ഇന്ത്യൻ കാർട്ടൂണിസ്റ്റുകളിൽ മലയാളിയായ ജിതേഷും ഇടംപടിച്ചു. ആഗോളതലത്തിൽ വിവിധ മേഖലകളിലെ ട്രെൻഡുകളും പ്രശസ്തരെയും മനസിലാക്കാൻ പ്രമുഖ അമേരിക്കൻ ഒാൺലൈൻ മാദ്ധ്യമമായ റാങ്കർ വെബ് സൈറ്റ് തയ്യാറാക്കുന്ന റേറ്റിംഗിലാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ മലയാളി കാർട്ടൂണിസ്റ്റുകൾക്കിടയിൽ അഞ്ചാമനുമാണ് ജിതേഷ്. അബു ഏബ്രഹാം, ഒ.വിവിജയൻ, ശങ്കർ, അരവിന്ദൻ എന്നിവരാണ് മറ്റുള്ളവർ.

പന്തളം തെക്കേക്കര കീരുകുഴി കല്ലുഴത്തിൽ വീട്ടിൽ ജിതേഷ് വേഗവരയിലൂടെയാണ് ശ്രദ്ധേയനായത്. 2008 ൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ അഞ്ചു മിനിറ്റുകൊണ്ട്‌ 50 പ്രശസ്ത വ്യക്തികളെ വരച്ച്‌ വരവേഗത്തിൽ ലോകറെക്കാർഡ്‌ സൃഷ്ടിച്ച ജിതേഷ് ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റായാണ് അറിയപ്പെടുന്നത്‌. ചിത്രകലയുടെ രംഗകലാരൂപമായ വരയരങ്ങിന്റെ ആവിഷ്കർത്താവെന്ന നിലയിൽ ട്രെയ്ഡ്‌ മാർക്കും പേറ്റന്റും നേടിയിട്ടുണ്ട്‌. 22 രാജ്യങ്ങളിൽ സ്പീഡ് കാർട്ടൂൺ സ്റ്റേജ്‌ ഷോ അവതരിപ്പിച്ചിട്ടുണ്ട് . ആസ്ട്രേലിയൻ വിദേശകാര്യമന്ത്രാലയം ആ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ ഒരുവർഷത്തെ മൾട്ടിപ്പിൾ ഫ്രീ എൻട്രി വിസയും അടുത്തിടെ നൽകി. നാളെ മുതൽ മലേഷ്യ, ആസ്ട്രേലിയ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഉണ്ണിമായയാണ് ഭാര്യ. മക്കൾ: ശിവാനി, നിരഞ്ജൻ.