പത്തനംതിട്ട : മോട്ടോർ വാഹന നിയമഭേദഗതി വന്നതിന് ശേഷമുള്ള ആദ്യ ദിവസമായ ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 48 കേസുകൾ. ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴയാണ് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നത്. പത്തിരട്ടി പിഴ വരെ ഭേദഗതി ചെയ്ത നിയമത്തിൽ ഉണ്ട്. മുൻപ് ഹെൽമറ്റ് വയ്ക്കാതെ പുറത്തിറങ്ങിയാൽ 100 രൂപ ആയിരുന്നു പിഴ. ഇപ്പോൾ 1000 രൂപ അടച്ചാലെ രക്ഷപ്പെടു എന്നതാണ് സ്ഥിതി. ഇന്നലെ ആദ്യ ദിവസമായതിനാൽ അപ്പോൾ തുക അടയ്ക്കാനില്ലാത്തവർക്ക് രണ്ട് ദിവസത്തെ ഇളവ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പൂർണമായും നിരോധിച്ച കറുത്ത ഫിലിം ഒട്ടിച്ച നാല് കേസുകൾ തിരുവല്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് പത്തനംതിട്ട, അടൂർ, തിരുവല്ല ഭാഗങ്ങളിൽ നിന്ന് 51,000 രൂപയാണ് പിഴയായി ലഭിച്ചത്. ആദ്യദിവസം ആയത് കൊണ്ട് പലരും പ്രതീക്ഷിച്ചിരുന്നില്ല. രൂപ കൈവശം ഇല്ലാത്തതിനാൽ കുറച്ച് ഇളവ് നൽകിയിരുന്നു. ഹെൽമെറ്റ് വയ്ക്കാതെ പത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ കൂടുതലും യുവാക്കൾ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. സീറ്റ് ബെൽറ്റ് ഇടാത്തവരും ലൈസൻസും ബുക്കും പേപ്പറും ഇല്ലാത്തവരും തുടങ്ങി എല്ലാ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ആറ് സ്ക്വാഡുകൾ ആണ് ഇന്നലെ പരിശോധനയ്ക്ക് ഇറങ്ങിയത്.
ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകൾ
ഹെൽമെറ്റ് - 10 കേസുകൾ
സീറ്റ് ബെൽട്ട് ഇടാത്തവർ : 5
കറുത്ത ഫിലിം ഒട്ടിച്ചവർ : 4
മറ്റ് കേസുകൾ - 29
"ഇന്ന് മുതൽ പരിശോധന കർശനമാക്കും. ഹെൽമെറ്റ് വയ്ക്കാത്തവർ ആണ് കൂടുതലും. ആദ്യ ദിവസം രൂപ ഇല്ലാതെ ബുദ്ധിമുട്ടിയവർക്ക് അല്പം ഇളവ് നൽകിയിട്ടുണ്ട്. കോടതിയിൽ പോകാതെ അടുത്ത ദിവസം തന്നെ പിഴ അടയ്ക്കാൻ അനുവദിച്ചു. ഇനി ഈ ഇളവ് ഉണ്ടാവുകയില്ല.
ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസർ
ആർ. രമണൻ