ചെങ്ങന്നൂർ: എം.സി. റോഡിലെ മുണ്ടൻകാവിൽ അപകടമൊഴിവാക്കാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തീരുമാനമായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എത്തിയ കെ.എസ്.ടി.പി. അധികൃതരാണ് അപകടമുണ്ടാക്കുന്ന ഡിവൈഡറിൽ റിഫ്ളക്ടർ ഉൾപ്പെടെ സുരക്ഷാ മാർഗത്തിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. റോഡിൽ പ്രത്യേക സുരക്ഷാ വരകളും മാർക്ക് ചെയ്യും. എന്നാൽ നിലവിൽ അപകടമുണ്ടാക്കുന്ന ഡിവൈഡർ പൊളിച്ചുമാറ്റാൻ തിരുമാനമായിട്ടില്ല. വീണ്ടും അപകടം ഉണ്ടാകുകയാണെങ്കിൽ മാത്രം ഡിവൈഡർ പൊളിച്ചു നീക്കിയാൽ മതിയെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ നിർദ്ദേശം. അപകട മേഖല സൂചിപ്പിക്കുന്ന തരത്തിൽ പ്രത്യേക ലൈറ്റ് പ്രദേശത്ത് സ്ഥാപിക്കും. ചെങ്ങന്നൂർ നഗരത്തിലെ നന്ദാവനം ജംഗ്ഷനിലെ ഡിവൈഡർ, സമീപത്തെ കലുങ്ക് എന്നിവയും സംഘം പരിശോധിച്ചു. ഇവിടുത്തെ ഡിവൈഡർ പൊളിച്ചുമാറ്റാനും, സമീപത്തെ കലുങ്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനും വേണ്ട നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കെ.എസ്.ടി.പി.യുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഫുട്പാത്ത്, മാർക്കിംഗ്, സൗന്ദര്യവത്കരണം എന്നിവയും നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുമരാമത്ത് സുരക്ഷാ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബി.ബിജുകുമാർ,കെ.എസ്.ടി.പി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.പാർവതി, സൂപ്രണ്ടിംഗ് എൻജിനിയർ എം.അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥർക്കൊപ്പം സജി ചെറിയാൻ എം.എൽ.എ., നഗരസഭാദ്ധ്യക്ഷൻ കെ.ഷിബുരാജൻ, ഡി.വൈ.എസ്.പി.അനീഷ്. വി.കോര,ട്രാഫിക് എസ്.ഐ. എം.കെ.സുരേഷ് ബാബു എന്നിവരും പരിശോധനയ്ക്ക് എത്തിയിരുന്നു.